ആര്‍ട്ടെമിസ്-11 ഭ്രമണപഥം വിട്ട് 'ട്രാന്‍സ്‌ലൂണര്‍ കോസ്റ്റ്' ഘട്ടത്തിലേക്ക്; പ്രവേശനം വിജയകരം

Update: 2026-04-03 11:07 GMT

വാഷിങ്ടണ്‍: ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യത്തില്‍ നിര്‍ണായക മുന്നേറ്റമായി ആര്‍ട്ടെമിസ്-11 പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള നേരിട്ടുള്ള പാതയായ 'ട്രാന്‍സ്‌ലൂണര്‍ കോസ്റ്റ്' ഘട്ടത്തിലേക്ക് വിജയകരമായി പ്രവേശിച്ചു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടത്തിയ പ്രധാന എഞ്ചിന്‍ ജ്വലനത്തിലൂടെയാണ് ഈ നിര്‍ണായക ഘട്ടം പൂര്‍ത്തിയായത്.

ഏകദേശം ആറു മിനിറ്റോളം നീണ്ട എഞ്ചിന്‍ പ്രവര്‍ത്തനത്തിന് ശേഷം പേടകം ഭൂമിയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലേക്ക് സഞ്ചരിച്ച് ഇപ്പോള്‍ ചന്ദ്രനെ ലക്ഷ്യമാക്കി മുന്നേറുകയാണ്. വരും ദിവസങ്ങളില്‍ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ മേഖലയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രനില്‍ ഇറങ്ങാതെ അതിനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങിയെത്തുക എന്നതാണ് ഈ പത്തു ദിവസത്തെ പരീക്ഷണ ദൗത്യത്തിന്റെ ലക്ഷ്യം. യാത്രയ്ക്കിടെ പേടകം ഏകദേശം നാലു ലക്ഷം കിലോമീറ്റര്‍ അകലേക്ക് സഞ്ചരിക്കുമെന്ന് വിലയിരുത്തുന്നു. ഇതിലൂടെ അപ്പോളൊ 13 ദൗത്യത്തിന്റെ ദൂരം റെക്കോര്‍ഡും മറികടക്കാനാണ് ശ്രമം.

യാത്രയുടെ തുടക്കത്തില്‍ ശൗചാലയം, കുടിവെള്ള വിതരണം, വാതില്‍ തുടങ്ങിയ സംവിധാനങ്ങളില്‍ ചെറിയ സാങ്കേതിക തകരാറുകളുണ്ടായിരുന്നു. എന്നാല്‍ യാത്രികയായ ക്രിസ്റ്റീന കോച്ച് ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി നാസ അറിയിച്ചു. കൂടാതെ, സോഫ്റ്റ്‌വെയര്‍ ഉപയോഗവുമായി ബന്ധപ്പെട്ട ചെറിയ തടസ്സങ്ങള്‍ ഭൂമിയിലെ മിഷന്‍ കണ്‍ട്രോള്‍ ടീമിന്റെ സഹായത്തോടെ പരിഹരിച്ചതായും അറിയിച്ചു. നിലവില്‍ പേടകത്തിലെ എല്ലാ സംവിധാനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags: