അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; മേലുദ്യോഗസ്ഥനെതിരേ സിഐയുടെ ആത്മഹത്യാക്കുറിപ്പ്

Update: 2025-11-27 10:51 GMT

പാലക്കാട്: ജീവനൊടുക്കിയ ചെറുപ്പുളശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി ബിനു തോമസിന്റെ(52)ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചുവെന്നും കേസ് പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തല്‍. അമ്മയും രണ്ടു മക്കളുമുള്ള വീട്ടില്‍ സന്ധ്യാസമയത്ത് പോയാണ് പീഡിപ്പിച്ചതെന്നാണ് കുറിപ്പിലുള്ളത്. പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചതായും ആത്മഹത്യാക്കുറില്‍ പറയുന്നു. 2014ല്‍ പാലക്കാട്ട് സര്‍വീസിലിരിക്കെയാണ് സംഭവം. നിലവില്‍ കോഴിക്കോട് ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് ഗുരുതര ആരോപണം.

എസ്എച്ച്ഒ ആയിരുന്ന ബിനുവിനെ ഈ മാസം പതിനഞ്ചിനാണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെ വിശ്രമിക്കാനെന്ന് പറഞ്ഞ് ക്വാര്‍ട്ടേഴ്സിലേക്ക് പോയതായിരുന്നു ബിനു. തിരികെയെത്താത്തതോടെ സഹപ്രവര്‍ത്തകര്‍ ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹത്തിനു സമീപത്തുനിന്ന് മുപ്പത്തിരണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പും കിട്ടിയിരുന്നു. കുടുംബപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആദ്യം പോലിസ് പറഞ്ഞത്. എന്നാല്‍ ജോലിസംബന്ധമായ പ്രശ്‌നങ്ങളുമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. ആറുമാസം മുന്‍പാണ് സ്ഥലം മാറ്റം ലഭിച്ച് ബിനു തോമസ് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്.