തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ നിന്നായി 50 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു
നാലുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ നിന്നായി 50 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. വിഴിഞ്ഞത്തും, പൂന്തുറ പരുത്തിക്കുഴിയിലുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറില്‍ പ്രത്യേക അറ ഉണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച രണ്ടു കാറുകളും പോലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെയാണ് വിഴിഞ്ഞം വണ്ടിത്തടത്ത് നിന്ന് ഡാന്‍സാഫ് സംഘം നാലരക്കിലോ കഞ്ചാവ് പിടിച്ചെടുത്തത്. വട്ടിയൂര്‍ക്കാവ് സ്വദേശി ബിജു, തക്കല സ്വദേശി മുജീബ് എന്നിവര്‍ ചേര്‍ന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഒപ്പമുള്ള മറ്റൊരു സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തവെയാണ് 40 കിലോ കഞ്ചാവുമായി പരുത്തിക്കുഴിയില്‍ വച്ച് രണ്ടാം സംഘത്തേയും കസ്റ്റഡിയിലെടുക്കുന്നത്. കാറില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ തന്നെയായിരുന്നു കഞ്ചാവ്. പൂജപ്പുര സ്വദേശി പ്രത്യുഷ്, കരിമഠം കോളനി സ്വദേശി അസറുദ്ദീന്‍ എന്നിവരായിരുന്നു രണ്ടാം സംഘത്തില്‍ ഉണ്ടായിരുന്നത്.