പാലക്കാട്ട് ധനസഹായത്തിനായി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ട്രൈബല്‍ ഓഫീസില്‍ നല്‍കിയ 15ഓളം അപേക്ഷകള്‍ കുറ്റിക്കാട്ടില്‍ തള്ളിയ നിലയില്‍

Update: 2025-11-26 06:45 GMT

പാലക്കാട്: പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ധനസഹായ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് ട്രൈബല്‍ ഓഫീസില്‍ നല്‍കിയ 15 ഓളം അപേക്ഷകളാണ് യാക്കരയിലെ പുഴക്കരയില്‍ നിന്ന് കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ ജില്ലാ കലക്ടര്‍ക്കും പട്ടികവര്‍ഗ ഓഫിസര്‍ക്കും പരാതി നല്‍കി. എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളില്‍ മികച്ച വിജയം നേടിയ പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് പട്ടികവര്‍ഗ വകുപ്പ് നല്‍കുന്ന ധന സഹായത്തിനായുള്ള അപേക്ഷകളാണ് തള്ളിയ നിലയില്‍ കണ്ടെത്തിയത്.

ട്രൈബല്‍ പ്രൊമോട്ടര്‍ മുഖേന പട്ടിക വര്‍ഗ ഓഫീസിലേക്കു നല്‍കിയ അപേക്ഷകളാണിത്. യാക്കര ഭാഗത്ത് ജോലിക്കെത്തിയ കെഎസ്ഇബി ജീവനക്കാരനാണ് അപേക്ഷകള്‍ പുഴക്കരയില്‍ നിന്ന് കണ്ടെത്തിയത്. ഗോത്രമേഖലയായ പറമ്പിക്കുളത്തെ കുര്യാര്‍കുറ്റിക്കടവ്, എര്‍ത്ത് ഡാം എന്നി ഉന്നതികളിലെയും മുതലമട, ചെമ്മനാംപതി, വണ്ടാഴി പഞ്ചായത്തിലെ മംഗലം ഡാം എന്നിവിടങ്ങളിലെ 15ഓളം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ധനസഹായത്തിനായുള്ള അപേക്ഷകളാണിത്. ഇത് ജില്ലാ ട്രൈബല്‍ ഓഫീസിലെത്തിക്കാതെ പുഴയരികില്‍ തള്ളിയതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.