കൊല്‍ക്കത്ത: വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സൗത്ത് കൊല്‍ക്കത്ത ലോ കോളേജ് കാംപസിലെ സുരക്ഷയ്ക്കായി മുന്‍ സൈനികരെ നിയോഗിക്കാന്‍ തീരുമാനം. സ്വകാര്യ സുരക്ഷാ ജീവനക്കാരെ ഇനി നിലനിര്‍ത്തില്ലെന്നും, ക്യാമ്പസിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍ സൈനികരെ നിയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോളേജ് ഭരണസമിതിയുടെ യോഗത്തിലായിരുന്നു തീരുമാനം.
കോളേജില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും കോളേജിലെ ആഭ്യന്തര പരാതി പരിഹാര സമിതി ശക്തിപ്പെടുത്താനും തീരുമാനിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേസില്‍ ഇതുവരെ കോളജിലെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കോളേജിലെ മുന്‍ വിദ്യാര്‍ഥിയായ മോണോജിത് മിശ്രയാണ് പ്രധാന പ്രതി. അറസ്റ്റിലായ മോണോജിത് മിശ്ര, പ്രതിം മുഖര്‍ജി, സായിദ് അഹമ്മദ് എന്നിവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും നേരത്തെയും സമാനമായ രീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെന്നും പോലിസ് വ്യക്തമാക്കിയിരുന്നു. പ്രതികളായ മൂവരും ഇരയെ ഏറെക്കാലമായി ലക്ഷ്യം വച്ചിരുന്നെന്നും പോലിസ് കണ്ടെത്തി. സംഭവത്തില്‍ അറസ്റ്റിലായ നാലാം പ്രതി പിനാകി ബാനര്‍ജി കോളജിലെ സുരക്ഷാ ജീവനക്കാരനാണ്.
മുഖ്യപ്രതിയായ മോണോജിത് മിശ്ര കാംപസിലെ തൃണമൂലിന്റെ വിദ്യാര്‍ഥി സംഘടനയുടെ മുന്‍നേതാവാണെന്ന വിവരവും പുറത്തു വന്നിരുന്നു. സംഭവത്തില്‍ വലിയ തരത്തിലുള്ള പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. പെണ്‍കുട്ടിക്കുണ്ടായ ഈ ദുരവസ്ഥക്കു കാരണം, സര്‍ക്കാരാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം
ജൂണ്‍ 25 ന് രാത്രിയിലാണ് ലോ കോളജ് വിദ്യാര്‍ഥിനി ബലാല്‍സംഗത്തിനിരയായത്. മുഖ്യപ്രതിയുടെ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് സംഭവത്തിനു കാരണമെന്ന് അതിജീവിത മൊഴി നല്‍കിയിരുന്നു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് പ്രതികളെ പിടികൂടുകയായിരുന്നു.
