അഗ്നിവീര്‍ ഒഴിവുകള്‍ ഒരു ലക്ഷമായി ഉയര്‍ത്താനൊരുങ്ങി കരസേന

Update: 2025-11-26 11:21 GMT

ന്യൂഡല്‍ഹി: ദേശീയ സുരക്ഷയും സൈനിക ശേഷിയും ബലപ്പെടുത്തുന്നതിനായി അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് ഒരു ലക്ഷമായി ഉയര്‍ത്താനൊരുങ്ങി കരസേന. നിലവില്‍ ഓരോ വര്‍ഷവും ലഭ്യമാകുന്ന 45,000 മുതല്‍ 50,000 ഒഴിവുകള്‍ ഒരുലക്ഷം കവിയുന്ന രീതിയില്‍ വര്‍ധിപ്പിക്കാനുള്ള നടപടികളാണ് കരസേന പരിഗണിക്കുന്നത്. നിലവില്‍ സൈനിക വിഭാഗത്തില്‍ ഏകദേശം 1.8 ലക്ഷം പേരുടെ കുറവ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇത് പരിഹരിക്കുകയാണ് ലക്ഷ്യം.

2020, 2021 എന്നീ വര്‍ഷങ്ങളിലെ കോവിഡ് മഹാമാരിയുടെ സമയത്ത് റിക്രൂട്ട്‌മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഈ കാലയളവില്‍ ഓരോ വര്‍ഷവും 60,000 മുതല്‍ 65,000 സൈനികര്‍ വിരമിച്ചെങ്കിലും പകരം നിയമനങ്ങള്‍ നടന്നിരുന്നില്ല. പിന്നീട് 2022 ജൂണ്‍ 14ന് അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കിയപ്പോള്‍ നാലു വര്‍ഷത്തെ സേവന കാലാവധിയോടെയുള്ള റിക്രൂട്ട്‌മെന്റാണ് ആരംഭിച്ചത്. ആ വര്‍ഷം മൂന്നു സേനകളിലുമായി മൊത്തം 46,000 ഒഴിവുകള്‍ അനുവദിക്കപ്പെടുകയും അതില്‍ 40,000 കരസേനയ്ക്കായി മാറ്റിവെക്കുകയും ചെയ്തിരുന്നു.

പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കരസേനയിലെ അഗ്നിവീരുകള്‍ടെ എണ്ണം 1.75 ലക്ഷമായി ഉയര്‍ത്താനും, നാവികവ്യോമ സേനകളിലേക്കുള്ള റിക്രൂട്ട്‌മെന്റും 28,700 ആയി വര്‍ധിപ്പിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ഓരോ വര്‍ഷവും 60,000 മുതല്‍ 65,000 പേരുടെ വിരമിക്കല്‍ തുടര്‍ന്നതോടെ സൈനികരുടെ സംഖ്യയില്‍ കൂടുതല്‍ കുറവ് രൂപപ്പെട്ടു.

വിരമിക്കുന്ന സൈനികരുടെ എണ്ണവും 2026 ഡിസംബറില്‍ പിരിഞ്ഞുപോകാനിടയുള്ള ആദ്യ ബാച്ച് അഗ്നിവീരന്മാരെയും കണക്കിലെടുത്ത്, റിക്രൂട്ട്‌മെന്റില്‍ വലിയ വര്‍ധന അനിവാര്യമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ വാര്‍ഷിക നിയമനം ഏകദേശം ഒന്നരലക്ഷം വരെ ഉയര്‍ത്താനുള്ള നീക്കമാണ് കരസേന ആരംഭിച്ചിരിക്കുന്നത്. ട്രെയ്‌നിംഗ് സൗകര്യങ്ങളിലും നിലവാര നിയന്ത്രണത്തിലും വിട്ടുവീഴ്ചയില്ലെന്നും ഓരോ റെജിമെന്റല്‍ കേന്ദ്രങ്ങളിലെയും പരിശീലന ശേഷി വിലയിരുത്തിയാണ് ഒഴിവുകള്‍ നിശ്ചയിക്കുന്നത്.

Tags: