അധിക ലഗേജിന് ഫീസ് ചോദിച്ച വിമാനക്കമ്പനി ജീവനക്കാരെ ആക്രമിച്ച് സൈനിക ഉദ്യോഗസ്ഥന്‍ (വീഡിയോ)

Update: 2025-08-03 10:24 GMT

ശ്രീനഗര്‍: വിമാനത്താവളത്തില്‍ അമിത ലഗേജിന് ഫീസ് ചോദിച്ച വിമാനക്കമ്പനി ജീവനക്കാരെ സൈനിക ഉദ്യോഗസ്ഥന്‍ ആക്രമിച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ജൂലൈ 26നായിരുന്നു സംഭവം. ആക്രമണത്തില്‍ നാല് സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് പരുക്കേറ്റു. തലയ്ക്കും നട്ടെല്ലിനുമാണ് പരുക്ക്. 

പരിക്കുകള്‍ ഗുരുതരമാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ശ്രീനഗറില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എസ്ജി386 വിമാനത്തിന്റെ ബോര്‍ഡിങ് ഗേറ്റിലാണ് സംഘര്‍ഷത്തിന്റെ തുടക്കം. കയ്യില്‍ കിട്ടിയ പരസ്യ ബോര്‍ഡ് എടുത്താണ് സൈനിക ഉദ്യോഗസ്ഥന്‍ ജീവനക്കാരെ ആക്രമിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി സൈനികനെ പിടിച്ചുമാറ്റുകയായിരുന്നു.