നേപ്പാളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം; അതിര്‍ത്തിസുരക്ഷ ശക്തമാക്കി ഇന്ത്യ

Update: 2025-09-10 07:32 GMT

കാഠ്മണ്ഡു: സാമൂഹികമാധ്യമ നിരോധനത്തിനും അഴിമതിക്കുമെതിരേ നേപ്പാളില്‍ ആരംഭിച്ച സമരം ബുധനാഴ്ചയും തുടരുകയാണ്. സാമൂഹികമാധ്യമ നിരോധനം പിന്‍വലിച്ചെങ്കിലും സംഘര്‍ഷം അവസാനിച്ചിട്ടില്ല. പുതിയസര്‍ക്കാര്‍ വരുന്നതുവരെ സമാധാന ചുമതലയേറ്റെടുത്ത സൈന്യം രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചു.

നിലവില്‍ നിരോധനാജ്ഞയാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി വരെ തുടരും. ശേഷം കര്‍ഫ്യൂ നിലവില്‍വരും. വ്യാഴാഴ്ച രാവിലെ ആറുമണിവരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ സൈനികര്‍ കാഠ്മണ്ഡുവിന്റെ തെരുവുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാനാണ് സൈന്യത്തിന്റെ നിര്‍ദ്ദേശം.

ഈ സാഹചര്യത്തില്‍ നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ഏഴു ജില്ലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലിസിനു നിര്‍ദേശം നല്‍കി. ബല്‍റാംപുര്‍, ശ്രവസ്തി, മഹാരാജ്ഗഞ്ജ്, പിലിഭിത്ത്, സിദ്ധാര്‍ഥനഗര്‍, ബഹ്റൈച്ച്, ലഖിംപുര്‍ഖേരി ജില്ലകളില്‍ 24 മണിക്കൂര്‍ നിരീക്ഷിക്കാനും കര്‍ശന പട്രോളിങ്ങിനുമാണ് സംസ്ഥാന പോലിസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി അടച്ചിട്ടില്ല, എങ്കിലും സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.

നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാരോട് നിലവിലുള്ള സ്ഥലത്തുതന്നെ തുടരാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. കാഠ്മണ്ഡുവിലേക്കുള്ള നാലു വിമാനസര്‍വീസുകള്‍ എയര്‍ ഇന്ത്യ ചൊവ്വാഴ്ച റദ്ദാക്കി. നേപ്പാള്‍ എയര്‍ലൈന്‍സും ഇന്‍ഡിഗോയും സര്‍വീസുകള്‍ റദ്ദാക്കി.

Tags: