മദ്യം ഷെയറിട്ടു വാങ്ങിയതില്‍ തര്‍ക്കം; യുവാവിനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവ്
ആലപ്പുഴ: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷംരൂപ പിഴയും ശിക്ഷ. മദ്യം ഷെയറിട്ടു വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം. കോട്ടയം അയ്മനം പഞ്ചായത്ത് 20-ാം വാര്‍ഡ് ചീപ്പുങ്കല്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ അനിയന്‍ (36) കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. മണ്ണഞ്ചേരി പഞ്ചായത്ത് കുന്നേല്‍വെളിവീട്ടില്‍ സനല്‍(ഷാനി)28നെയാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി റോയി വര്‍ഗീസ് ശിക്ഷ വിധിച്ചത്.
2016 ജൂലായ് 30-ന് വൈകീട്ടോടെ ദേശീയ പാതയ്ക്ക് സമീപം കലവൂര്‍ ബെവ്‌റജസ് ഷോപ്പിനുമുന്നിലാണ് സംഭവം. സനല്‍ കത്തികൊണ്ട് അനിയന്റെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണഞ്ചേരി പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അംബികാ കൃഷ്ണനും അഡ്വ. അഖില ബി. കൃഷ്ണയും ഹാജരായി.