അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കിയെന്ന് ആന്റോ അഗസ്റ്റിന്‍
കൊച്ചി: ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം ഈ വര്‍ഷം കേരളത്തില്‍ കളിക്കാമെന്നു അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) കരാര്‍ ഒപ്പിട്ടുവെങ്കിലും അടുത്ത വര്‍ഷം സെപ്റ്റംബറില്‍ വരാമെന്ന നിലപാടിലാണെന്നു സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിന്‍. ഈ വര്‍ഷം എത്തുമെങ്കില്‍ മാത്രമേ തങ്ങള്‍ക്കു താല്‍പര്യമുള്ളൂ. കരാര്‍ റദ്ദായാല്‍ തങ്ങള്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. കരാര്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കും. കരാര്‍ രേഖ വെളിപ്പെടുത്തരുതെന്നു നിബന്ധനയുള്ളതിനാല്‍ പുറത്തു വിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
''ഈ ഒക്ടോബറില്‍ അര്‍ജന്റീന ടീം ഇന്ത്യയില്‍ വരുമെന്നു ഞങ്ങള്‍ക്കു മറുപടി ലഭിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തിലെത്തുന്ന കൃത്യമായ തീയതി ഏതെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. കഴിഞ്ഞ ജൂണ്‍ ആറിനു കരാര്‍ പ്രകാരമുള്ള 130 കോടി രൂപ എഎഫ്എയ്ക്കു നല്‍കിയിട്ടുണ്ട്. പണം ലഭിച്ചെന്ന് അവര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. മെസ്സി ഉള്‍പ്പെട്ട ടീം അടുത്ത വര്‍ഷം ജൂണിലെ ലോകകപ്പിനു ശേഷം സെപ്റ്റംബറില്‍ കേരളത്തില്‍ എത്തുന്നതിനെക്കുറിച്ച് എഎഫ്എ അഭിപ്രായം ചോദിച്ചു. അതു പറ്റില്ല. അടുത്ത ജൂണില്‍ അടുത്ത ലോകകപ്പ് നടക്കുകയാണ്. അര്‍ജന്റീന വീണ്ടും ചാംപ്യന്‍മാരാകുന്ന കാര്യം ഉറപ്പില്ല. 2022ലെ ലോക ചാംപ്യന്‍മാരെ കേരളത്തില്‍ കളിപ്പിക്കാമെന്നാണു കരാര്‍.''-അദ്ദേഹം പറഞ്ഞു.
