ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കാനാണോ കാശ് നല്‍കുന്നത്?; പാലിയേക്കര ടോള്‍ പിരിവില്‍ സുപ്രിംകോടതി
ന്യൂഡല്‍ഹി: ദേശീയപാതയിലൂടെ കടന്നു പോകണമെങ്കില്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ പിന്നെന്തിനാണ് ടോള്‍ എന്ന പേരില്‍ പണം നല്‍കുന്നതെന്ന് കോടതി. ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിനാണോ ജനങ്ങള്‍ 150 രൂപ നല്‍കുന്നതെന്നും സുപ്രിംകോടതി ചോദിച്ചു. പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ വിധിക്കെതിരെയുള്ള ഹരജികള്‍ പരിഗണിക്കവെയാണ് കോടതി വിമര്‍ശനമുന്നയിച്ചത്.
ദേശീയപാത അതോറിറ്റിക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയോട് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ചോദിച്ചത് ''താങ്കള്‍ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്' എന്നാണ്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍ വി അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് നിര്‍ത്തിവെക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ദേശീയപാത അതോറിറ്റിക്ക് (എന്‍എച്ച്എഐ) സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരേയാണ് ദേശീയപാത അതോറിറ്റിയും ടോള്‍പിരിക്കുന്ന കമ്പനിയും ഹരജി നല്‍കിയത്. കേസ് വിധി പറയാനായി മാറ്റി.