'നിങ്ങള്‍ പാകിസ്താനിലുള്ളവരാണോ'; ജമ്മു കശ്മീരില്‍ നിന്നുള്ള 44 തൊഴിലാളികളെ തടഞ്ഞുവച്ചു

Update: 2025-11-18 06:43 GMT

ടിന്‍സുകിയ: അസമിലെ ന്യൂ ടിന്‍സുകിയ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ജമ്മു കശ്മീരില്‍ നിന്നുള്ള 44 തൊഴിലാളികളെ തടഞ്ഞുവച്ച് നാട്ടുകാര്‍. സംശയകരമായ നിലയില്‍ കണ്ടെന്നും പറഞ്ഞായിരുന്നു തടഞ്ഞുവയ്ക്കല്‍. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പോരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. നിങ്ങള്‍ പാകിസ്താനിലുള്ളവരാണോ എന്ന് ചോദിച്ചാണ് നാട്ടുകാര്‍ അവരെ തടഞ്ഞുവച്ചതെന്നാണ് റിപോര്‍ട്ടുകള്‍. തുടര്‍ന്ന് പോലിസെത്തി രേഖകള്‍ പരിശോധിച്ചാണ് തൊഴിലാളികളെ പോകാന്‍ അനുവദിച്ചത്.

നവംബര്‍ 10 ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനം കാരണം 'സംശയാസ്പദമായ ആളുകളെ' കുറിച്ച് ആശങ്കയുണ്ടെന്നാണ് നാട്ടുകാരുടെ വാദം. അരുണാചല്‍ പ്രദേശിലേക്ക് ജോലിക്കായി യാത്ര ചെയ്യുകയായിരുന്ന തങ്ങളെ വെറുതെ പിടിച്ചുവച്ചെന്നും ഇത് വലിയ മാനസിക പ്രയാസമുണ്ടാക്കിയെന്നും തൊഴിലാളികള്‍ പറഞ്ഞു. അക്രമത്തിന്റെ പേരു പറഞ്ഞ് സാധാരണക്കാരുടെ വ്യക്തിത്വത്തിന് ഒരു വിലയും കല്‍പ്പിക്കാത്ത നടപടിയാണ് ആളുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്നും അവര്‍ കൂട്ടിചേര്‍ത്തു.

Tags: