സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നിയമനം; എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നിയമനത്തില്‍ കോടതി ഇടപെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം. സ്ഥിര നിയമനത്തിനായി സുപ്രിംകോടതി വിധിയുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഇടത് സംഘടനകള്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ കുറ്റപ്പെടുത്തി. എസ്എസ്എ ഫണ്ട് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടും സ്ഥിര നിയമനത്തിനായി സര്‍ക്കാര്‍ തുടര്‍നടപടി കൈക്കൊള്ളുന്നില്ലെന്ന് ഹരജിക്കാരായ ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഭാഗമായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്‍ പ്രതികരിച്ചു.
കേന്ദ്രത്തില്‍ നിന്നും എസ്എസ്എ ഫണ്ട് ലഭിച്ചില്ലെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍. കഴിഞ്ഞ ഒക്ടോബറില്‍ സുപ്രിംകോടതി കേസ് പരിഗണിച്ചപ്പോള്‍ രണ്ടു വര്‍ഷമായി എസ്എസ്‌കെ ഫണ്ട് ഉള്‍പ്പടെ കുടിശികയായതിനാല്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നിയമനം പ്രതിസന്ധിയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതോടെ വരുന്ന തിങ്കളാഴ്ചയ്ക്കകം സംസ്ഥാന സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. കേസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
തുടര്‍ വാദത്തില്‍ നവംബറില്‍ തന്നെ തുക നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെ ആദ്യ ഗഡു സംസ്ഥാനത്തിന് കേന്ദ്രം കൈമാറുകയും ചെയ്തു. എന്നിട്ടും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടായില്ലെന്നാണ് വിമര്‍ശനം. സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നിയമനത്തിനായി സ്വീകരിച്ച നടപടികള്‍ ജനുവരി 31ന് മുന്‍പായി അറിയിക്കണമെന്നും കോടതിയന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ തീയതി പിന്നിട്ടിട്ടും സര്‍ക്കാര്‍ വ്യക്തമായ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. സര്‍ക്കാര്‍ മനപൂര്‍വം സ്ഥിര നിയമനം വൈകിപ്പിക്കുകയാണെന്നാണ് അധ്യാപക സംഘടനയുടെ ആരോപണം.
