കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം; തന്ത്രിമാര്‍ സുപ്രിംകോടതിയില്‍

Update: 2026-02-02 07:38 GMT

ന്യൂഡല്‍ഹി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി ഉത്തരവിനെതിരേ ക്ഷേത്രത്തിലെ തന്ത്രിമാര്‍ സുപ്രിംകോടതിയെ സമീപിച്ചു. കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കഴകം ജോലി ഭരണപരമായ കാര്യമോ മതേതര സ്വഭാവമുള്ളതോ അല്ലെന്നും മതപരവും ആത്മീയവും ആണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. കഴകം നിയമനം പാരമ്പര്യാവകാശമാണോ, കഴകം ജോലി ആചാരപരമായ പ്രവൃത്തിയാണോ എന്നതില്‍ ഹൈക്കോടതി തീരുമാനം എടുത്തിരുന്നില്ല. ഇത് സിവില്‍ കോടതിയില്‍ ഉന്നയിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.

ആരാധനാമൂര്‍ത്തിക്ക് ചാര്‍ത്തേണ്ട മാലയുള്‍പ്പടെ തയ്യാറാക്കുന്ന പാരമ്പര്യ കഴകം ജോലികള്‍ ചെയ്യാനുള്ള അവകാശം തെക്കേ വാര്യം കുടുംബാംഗങ്ങള്‍ക്ക് ആണെന്നും സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചേര്‍ത്തല സ്വദേശി അനുരാഗിന്റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇതിനെതിരേയാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. തെക്കേവാര്യം കുടുംബാംഗം സതീശന്‍ നമ്പൂതിരിപ്പാടാണ് ഹരജിക്കാരന്‍. അഭിഭാഷകന്‍ ശ്യാം മോഹനാണ് ഹരജി സമര്‍പ്പിച്ചത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് തന്ത്രിമാര്‍ ആവശ്യപ്പെടുന്നത്.