പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍ തള്ളിയ സംഭവം; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ഉപേക്ഷിക്കപ്പെട്ട 15 അപേക്ഷയില്‍ 11 പേരും അര്‍ഹരെന്ന് കണ്ടെത്തി
പാലക്കാട്: പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അജി ഭാസ്‌കരന് നോട്ടീസയച്ചത്. മൂന്നു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ്. സംഭവത്തില്‍ പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് റിപോര്‍ട്ട് തേടിയിട്ടുണ്ട്.
എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ ധനസഹായം ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷകളായിരുന്നു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട 15 അപേക്ഷകളില്‍ 11 പേരും സ്‌കോളര്‍ഷിപ്പ് അര്‍ഹരാണ്. അര്‍ഹമായ അപേക്ഷകള്‍ പട്ടിക വര്‍ഗ ഡയറക്ടേറ്റിലേക്ക് കൈമാറിയെന്ന് ജില്ലാപട്ടികവര്‍ഗ ഓഫീസര്‍ അറിയിച്ചു.
പാലക്കാട് യാക്കര ഭാഗത്തെത്തിയ കെഎസ്ഇബി ജീവനക്കാരനാണ് വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെ കണ്ടെത്തിയത്. കൊല്ലങ്കോട് ട്രൈബല്‍ ഓഫീസില്‍ നല്‍കിയ 15ഓളം അപേക്ഷകളാണ് യാക്കരയില്‍ തള്ളിയത്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ ജില്ലാ കലക്ടര്‍ക്കും പട്ടികവര്‍ഗ ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.