സ്വകാര്യത ഫീച്ചര്‍ വിവാദം: ആപ്പിളിന് ഇറ്റലിയില്‍ 98.6 മില്യണ്‍ യൂറോ പിഴ

Update: 2025-12-23 09:24 GMT

റോം: സ്വകാര്യതാ ഫീച്ചറുമായി ബന്ധപ്പെട്ട് ടെക് ഭീമനായ ആപ്പിളിന് ഇറ്റലിയുടെ ആന്റിട്രസ്റ്റ് അതോറിറ്റി 98.6 മില്യണ്‍ യൂറോ (ഏകദേശം 11.6 കോടി ഡോളര്‍) പിഴ ചുമത്തി. നടപടിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചു. വ്യക്തിഗതമാക്കിയ പരസ്യങ്ങള്‍ക്കായി ഉപയോക്തൃഡാറ്റ ശേഖരിക്കുന്നതിന് മുന്‍പ് ആപ്പുകള്‍ ഉപയോക്താക്കളില്‍ നിന്ന് പ്രത്യേക അനുമതി തേടേണ്ടിവരുന്ന 'ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി' (എടിടി) സംവിധാനമാണ് വിവാദത്തിനിടയാക്കിയത്. ഈ സംവിധാനം ആപ്പ് സ്‌റ്റോറിലെ മല്‍സരത്തെ പരിമിതപ്പെടുത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഐഫോണ്‍, ഐപാഡ് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അപ്‌ഡേറ്റിന്റെ ഭാഗമായി 2021 ഏപ്രിലിലാണ് ആപ്പിള്‍ എടിടി അവതരിപ്പിച്ചത്. ഉപയോക്തൃ സ്വകാര്യത ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നു കമ്പനി അവകാശപ്പെട്ടിരുന്നെങ്കിലും, സൗജന്യ സേവനങ്ങള്‍ നല്‍കുന്ന ചെറുകിട ആപ്പുകളുടെ നിലനില്‍പ്പിന് ഇത് തിരിച്ചടിയാകുമെന്ന് ഡെവലപ്പര്‍മാരും പരസ്യരംഗവും വിമര്‍ശിച്ചിരുന്നു.

സ്വകാര്യതാ നിയമങ്ങള്‍ പാലിക്കുന്നതിനായി മൂന്നാംകക്ഷി ആപ്പ് നിര്‍മാതാക്കള്‍ ഉപയോക്താക്കളോട് രണ്ടുതവണ സമ്മതം തേടണമെന്ന് ആപ്പിള്‍ നിര്‍ബന്ധമാക്കിയതും അതോറിറ്റി വിമര്‍ശിച്ചു. ഇത്തരത്തിലുള്ള ഇരട്ട സമ്മത വ്യവസ്ഥ പരസ്യവില്‍പ്പനയെ ആശ്രയിക്കുന്ന ഡെവലപ്പര്‍മാര്‍ക്കും പരസ്യദാതാക്കള്‍ക്കും പരസ്യ ഇടനില പ്ലാറ്റ്‌ഫോമുകള്‍ക്കും ദോഷകരമാണെന്നും, ഡാറ്റാ സംരക്ഷണത്തിന് ഇത് അനിവാര്യമല്ലെന്നും അതോറിറ്റി വ്യക്തമാക്കി. ഇതിനുമുന്‍പ് മാര്‍ച്ചില്‍ ഫ്രാന്‍സിലെ ആന്റിട്രസ്റ്റ് വാച്ച്‌ഡോഗും സമാന വിഷയത്തില്‍ ആപ്പിളിന് 150 മില്യണ്‍ യൂറോ (ഏകദേശം 162 മില്യണ്‍ ഡോളര്‍) പിഴ ചുമത്തിയിരുന്നു.

Tags: