അധ്യാപകന്റെ കൈയ്യില്‍ നിന്ന് ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു; 71 വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് കേരള സര്‍വകലാശാല

Update: 2025-03-29 00:37 GMT

തിരുവനന്തപുരം: അധ്യാപകന്റെ കൈയ്യില്‍ നിന്നും ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടതിനാല്‍ വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് കേരള സര്‍വ്വകലാശാല. അഞ്ച് കോളജുകളിലായി എംബിഎ കോഴ്‌സിന് പഠിക്കുന്ന 71 പേരാണ് വീണ്ടും പരീക്ഷ എഴുതേണ്ടത്. 2024 മെയ് മാസത്തില്‍ പരീക്ഷ നടന്ന പ്രൊജക്റ്റ് ഫിനാന്‍സിന്റെ ഉത്തര പേപ്പറാണ് അധ്യാപകന്റെ കൈയില്‍നിന്ന് നഷ്ടമായത്. മൂല്യനിര്‍ണയത്തിനുശേഷം വരുന്ന വഴിക്ക് ഈ പേപ്പറുകള്‍ നഷ്ടമായ വിവരം അധ്യാപകന്‍ സര്‍വകലാശാലയെ അറിയിക്കുകയായിരുന്നു. ഇതിന് പകരമായി ഈ വിദ്യാര്‍ഥികളോട് ഒരു സ്‌പെഷ്യല്‍ പരീക്ഷ എഴുതാന്‍ സര്‍വകലാശാല ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. ഏപ്രില്‍ മാസം ഏഴാം തിയ്യതിയാണ് പരീക്ഷ നടക്കുക. രാവിലെ 9.30 മുതല്‍ 12.30 വരേയാണ് പരീക്ഷ.