
നിലമ്പൂര്‍: നിലമ്പൂരില്‍ മല്‍സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ സുകുവാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനാര്‍ഥിയായി വരിക അന്‍വര്‍ തന്നെയായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് തഴഞ്ഞെന്നും ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി പ്രവേശനത്തിനായി അങ്ങോട്ട് പോകില്ലെന്നും സുകു അറിയിച്ചു.
ഇന്ന് ടിഎംസി സെക്രട്ടേറിയേറ്റ് യോഗം ചേരും. യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുക. അവസാനത്തെ പ്രതീക്ഷ എന്ന നിലക്കാണ് കെ സി വേണുഗോപാലിനെ കാണാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ അവസാനമായപ്പോഴേക്കും പ്രതിസന്ധിക്ക് പരിഹാരം കാണുന്ന സ്ഥിതിയല്ല സംജാതമായതെന്നും ടിഎംസി പറഞ്ഞു. കോണ്‍ഗ്രസ് അപമാനിച്ചു എന്ന വികാരം പ്രവര്‍ത്തകരില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇനി യുഡിഎഫുമായി ഏതെങ്കിലുമൊരു ചര്‍ച്ചക്കു പ്രസക്തിയില്ലെന്നും ഇനി മല്‍സര രംഗത്തേക്കു വരാനുള്ള പരിപാടിയാണെന്നും സുകു പറഞ്ഞു. ഇതുവരെ നിരുപാധിക പിന്തുണ നല്‍കിയിട്ടും ഒരു പരിഗണനയും നല്‍കിയില്ലെന്നും അഞ്ച് മാസമായി ക്തതു നല്‍കി കാത്തിരിക്കുകയായിരുന്നെന്നും ഇനി വാതില്‍ മുട്ടാന്‍ തങ്ങള്‍ ഇല്ലെന്നും സുകു പറഞ്ഞു. തങ്ങള്‍ യുഡിഫിന്റെ ഭാഗമാവുകയായിരുന്നെങ്കില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയെ ജയിപ്പിച്ചെടുക്കാന്‍ ആയിരിക്കും ശ്രമിക്കുക എന്നാല്‍ പ്രവേശനം ലഭിക്കാത്ത സ്ഥിതിക്ക് ഇനി അതിന്റെ ആവശ്യമില്ലല്ലോ എന്നും ടിഎംസി നേതാവ് അറിയിച്ചു. അന്‍വറിന് ലഭിക്കുന്ന വോട്ടുകള്‍ പിണറായിസത്തിനെതിരേ ഉള്ള വോട്ടുകളായും കാണാമെന്നും സുകു കൂട്ടിചേര്‍ത്തു.