കെ പി ഉദയഭാനുവിന് വക്കീല്‍ നോട്ടീസയച്ച് ആന്റോ ആന്റണി

Update: 2026-02-10 04:25 GMT

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിനെതിരേ നിയമനടപടിയുമായി ആന്റോ ആന്റണി എംപി. ഉദയഭാനു ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആന്റണി വക്കീല്‍ നോട്ടീസയച്ചു. തനിക്കെതിരേ ഉദയഭാനു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും അവ പിന്‍വലിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് ആന്റോ ആന്റണി എംപി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തിരുവല്ല നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ധനകാര്യസ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു ആന്റോ ആന്റണിക്കെതിരേ കെ പി ഉദയഭാനുവിന്റെ ആരോപണം.

സമൂഹമാധ്യമത്തിലൂടെ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ ഉദയഭാനു നടത്തിയെന്ന് ആന്റോ ആന്റണി പറഞ്ഞു. ഉദയഭാനു ശ്രമിച്ചത് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണെന്നും നോട്ടീസ് ലഭിച്ച 15 ദിവസത്തിനുള്ളില്‍ നിരുപാധികം ക്ഷമാപണം നടത്തണമെന്നും ആന്റോ ആന്റണി വക്കീല്‍ നോട്ടീസില്‍ പറയുന്നു. അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ഈടാക്കുമെന്നും നോട്ടീസ്. നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് സ്ഥാപനത്തില്‍ നിന്ന് ആന്റോ ആന്റണി ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ രണ്ടരക്കോടി രൂപ പിന്‍വലിച്ചെന്നായിരുന്നു ആരോപണം.

ആന്റോ ആന്റണിയുടെ ബെംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ഉദയഭാനുവിന്റെ ആരോപണം. എന്‍ എം രാജുവില്‍ നിന്ന് വാങ്ങിയ പണത്തിന്റെ കണക്ക് ആന്റോ ആന്റണി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടോ എന്നും ആ കണക്കിന്റെ രേഖ തിരഞ്ഞെടുപ്പ് കമ്മീഷനോട് താന്‍ ആവശ്യപ്പെടുമെന്നും അതിനായി വിവരാവകാശ അപേക്ഷ ഉടന്‍ നല്‍കുമെന്നും കെ പി ഉദയഭാനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉദയഭാനുവിന്റെ ഈ പരാമര്‍ശത്തിന് മറുപടിയുമായി ആന്റോ ആന്റണി എംപിയും രംഗത്തുവന്നിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് എംപി കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉദയഭാനു ഒളിവില്‍ ഇരുന്ന് എഫ്ബിയിലൂടെ പോസ്റ്റ് ഇടുകയാണ്. അദ്ദേഹം തല ഉയര്‍ത്തിപ്പിടിച്ച് മറുപടി പറയണമെന്നും ആന്റോ ആന്റണി പറഞ്ഞിരുന്നു.

കേരള കോണ്‍ഗ്രസ് നേതാവായ എന്‍ എം രാജുവാണ് ആന്റോ ആന്റണി എംപിക്കെത്തിയ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് തന്റെ പക്കല്‍ നിന്നും രണ്ടുകോടി രൂപ വാങ്ങിയെന്നും പിന്നീട് കാലുപിടിച്ച് ആവശ്യപ്പെട്ടിട്ടും 20 ലക്ഷം രൂപ മാത്രമാണ് തന്നത് എന്നുമായിരുന്നു എന്‍ എം രാജുവിന്റെ ആരോപണം. ഇതിന് മറുപടിയുമായി ആന്റോ ആന്റണി എംപി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് സഹായം എന്ന നിലയില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിന്നും പണം സ്വീകരിച്ചിരുന്നുവെന്നും രണ്ടുമാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടതുപ്രകാരം തിരികെ നല്‍കിയെന്നുമായിരുന്നു ആന്റോ ആന്ണിയുടെ വിശദീകരണം.