ഇഡിക്ക് തിരിച്ചടി, ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന് മുന്‍കൂര്‍ ജാമ്യം

Update: 2024-03-16 05:19 GMT
 ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും ആശ്വാസം. ഇഡി സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത കേസില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 15000 രൂപയുടെ ആള്‍ജാമ്യത്തിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന കേജ്‌രിവാളിന്റെ ആവശ്യം ഡല്‍ഹി സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇഡി അയച്ച എട്ട് സമന്‍സുകളാണ് മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്.കേസിലെ പ്രതികളില്‍ ഒരാളായ സമീര്‍ മഹേന്ദ്രുവുമായി കേജ്രിവാള്‍ വിഡിയോ കോളില്‍ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ ആരോപണം. ഇന്നലെ മദ്യനയ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

    അതിനിടെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാര്‍ട്ടി തുടക്കമിട്ടു. ഗുജറാത്തിലെ വഡോദരയില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ചേര്‍ന്നാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഗുജറാത്തിലെ ഭാവ്‌നഗര്‍, ഭറൂച് എന്നീ സീറ്റുകളിലാണ് ആം ആദ്മി മത്സരിക്കുന്നത്.

Tags: