ആത്മഹത്യ തടയാന്‍ സീലിങ് ഫാനുകളില്‍ 'ആന്റി സൂയിസൈഡ് സിസ്റ്റം'
മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രണ്ട് വിദ്യാര്‍ഥികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം
മൈസൂര്‍: രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ അധികാരപരിധിയിലുള്ള എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളിലെയും ഹോസ്റ്റലുകളിലെ സീലിംങ് ഫാനുകളില്‍ 'ആന്റി-സൂയിസൈഡ്' ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനം. ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നത് ഒഴിവാക്കാനും കുട്ടികളുടെ പ്രശ്‌നങ്ങളിലെ അടിയന്തിരഘട്ടത്തില്‍ ഉടന്‍ സ്വാധീനം ചെലുത്താനും വേണ്ടിയുള്ളതാണ് നീക്കം.
മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രണ്ട് വിദ്യാര്‍ഥികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഹോസ്റ്റല്‍ മുറികളില്‍ തൂങ്ങിമരിച്ചിരുന്നു. ആത്മഹത്യാ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആര്‍ജിയുഎച്ച്എസിലെ കരിക്കുലം ഡെവലപ്മെന്റ് സെല്ലിലെ ഡോ സഞ്ജീവിന്റെ നേതൃത്വത്തിലുള്ള സംഘം ജൂലൈ അവസാന ആഴ്ച മിംസ് സന്ദര്‍ശിച്ചിരുന്നു.ആത്മഹത്യ തടയുന്നതിനായി സീലിംഗ് ഫാനുകളില്‍ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ നടന്നുവരികയാണെന്ന് ഡോ. സഞ്ജീവ് വെളിപ്പെടുത്തി.
സീലിംഗ് ഫാനില്‍ അധിക ഭാരം ഉണ്ടോ എന്ന് കണ്ടെത്തുന്ന വിധത്തിലാണ് ഉപകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ഉപകരണം ഫാനില്‍ ഘടിപ്പിക്കും. അധിക ഭാരം ഉണ്ടെങ്കില്‍, ഈ ഉപകരണം സൈറണ്‍ മുഴക്കും. ഇത് വേഗത്തില്‍ നടപടിയെടുക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.