'ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി'; സിപിഐ

പത്മകുമാറിനെ സിപിഎം സംരക്ഷിച്ചത് തിരിച്ചടിച്ചെന്ന് സിപിഐ

Update: 2025-12-30 03:19 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ വിലയിരുത്തല്‍ തള്ളി സിപിഐ. ഭരണ വിരുദ്ധ വികാരത്തിനുപുറമേ, ജനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിര്‍പ്പും തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിക്കു കാരണമായെന്ന വിമര്‍ശനവുമായി സിപിഐ. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം വസ്തുതകള്‍ മറച്ചുവയ്ക്കുന്നുവെന്ന് സിപിഐ എക്‌സിക്യുട്ടീവ് വിമര്‍ശിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള തോല്‍വിക്കു കാരണമാണ്. ഇതില്‍ കൃത്യമായ വിലയിരുത്തല്‍ വേണം. ശബരിമല കേസില്‍ അറസ്റ്റിലായ പത്മകുമാറിനെ സിപിഎം സംരക്ഷിക്കാന്‍ ശ്രമിച്ചത് തിരിച്ചടിച്ചെന്നും സിപിഐ വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആയിട്ടുപോലും കോണ്‍ഗ്രസ് നടപടിയെടുത്തു, സിപിഎം ന്യായീകരണങ്ങള്‍ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും പിഎം ശ്രീയില്‍ ഒപ്പിട്ടതു വിനയായെന്നും തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യുട്ടീവ് യോഗങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.

ചിലകാര്യങ്ങളിലുള്ള മുഖ്യമന്ത്രിയുടെ നിലപാടുകളില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്നാണ് യോഗങ്ങളിലെ ഗൗരവപ്പെട്ട വിമര്‍ശനം. വെള്ളാപ്പള്ളിയോടുള്ള ആഭിമുഖ്യവും ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കി. വെള്ളാപ്പള്ളിയെ തുടര്‍ച്ചയായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഫലം എതിരായത് ഭരണവിരുദ്ധവികാരത്തിന്റെ തെളിവാണ്. എല്‍ഡിഎഫും സര്‍ക്കാരും ഇങ്ങനെ പോയിട്ടു കാര്യമില്ല. തോല്‍വിയില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് തിരുത്തിയാല്‍ തുടര്‍ ഭരണം ഉണ്ടാവുമെന്നും വിലയിരുത്തി.

Tags: