കാട്ടുപന്നികളിലെ ആന്ത്രാക്‌സ് ബാധ:രോഗം മനുഷ്യരിലേക്ക് പടരാന്‍ സാധ്യത കുറവ്;ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടര്‍

പ്രദേശത്ത് കന്നുകാലികള്‍ക്കായി വാക്‌സിനേഷന്‍ ആരംഭിച്ചു

Update: 2022-06-30 07:10 GMT

തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ കാട്ടുപന്നികള്‍ ആന്ത്രാക്‌സ് ബാധിച്ച് ചത്ത സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍.രോഗം മനുഷ്യരിലേക്ക് പടരാന്‍ സാധ്യത കുറവാണെന്നും പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളില്‍ ഇതുവരെ രോഗം കണ്ടെത്തിയില്ലെന്നും കലക്ടര്‍ അറിയിച്ചു.

ആരോഗ്യ മൃഗ സംരക്ഷണ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.പ്രദേശത്ത് കന്നുകാലികള്‍ക്കായി വാക്‌സിനേഷന്‍ ആരംഭിച്ചു. പന്നികളെ കുഴിച്ചിട്ടവര്‍ക്ക് പ്രതിരോധമരുന്ന് കൊടുത്തു തുടങ്ങിയതായും കലക്ടര്‍ വ്യക്തമാക്കി.അതിരപ്പിള്ളി പഞ്ചായത്തിലെ പിള്ളപ്പാറ പ്രദേശത്ത് കാട്ടുപന്നികള്‍ ചത്തത് ആന്ത്രാക്‌സ് മൂലമെന്ന് സ്ഥീരികരിച്ച പശ്ചാത്തലത്തിലാണ് കലക്ടറുടെ വിശദീകരണം.

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ അതിരപ്പിള്ളി പിള്ളപ്പാറ പ്രദേശത്ത് ഏഴ് കാട്ടുപന്നികളാണ് ചത്തത്. പിള്ളപ്പാറയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കണ്ട കാട്ട് പന്നിയുടെ ജഡം മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാലയില്‍ എത്തിച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് മരണ കാരണം ആന്ത്രാക്‌സ് മൂലമെന്ന് സ്ഥിരീകരിച്ചത്.ഇതില്‍ പലതും അഴുകിയ നിലയിലായിരുന്നു.ആന്ത്രാക്‌സ് രോഗം മനുഷ്യരിലേക്ക് പടരാന്‍ സാധ്യത കുറവാണെങ്കിലും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.




Tags:    

Similar News