പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി ടി പി രാമകൃഷ്ണന്‍
കോഴിക്കോട്: പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന്‍. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന അനൗണ്‍സ്‌മെന്റ് ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണന്‍ മറുപടിയില്‍ പറയുന്നു. മതവിദ്വേഷ പ്രചാരണം എല്‍ഡിഎഫിന്റെ നയമല്ലെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥിയുടേയോ മുന്നണിയുടേയോ അറിവോടയല്ല അനൗണ്‍സ്‌മെന്റ് ഉണ്ടായത്. തെറ്റായ രീതിയില്‍ അനൗണ്‍സ്‌മെന്റ് പോകുന്നുണ്ടെന്ന് മനസിലായ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നും വിശദീകരണത്തില്‍ പറയുന്നു.
പേരാമ്പ്രയുടെ മണ്ണില്‍ ഒരു സഹോദരിയെ സ്ഥാനാര്‍ഥിയാക്കി മുസ് ലിം ലീഗ് നടത്തുന്ന സ്വകാര്യപ്രചാരണം, നമ്മുടെ വോട്ടുകള്‍ നമ്മുടെ കൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്റെ ചിന്നംവിളിയാണ് ലീഗ് നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യര്‍ ഇത് ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട് എന്നായിരുന്നു വിവാദ അനൗണ്‍സ്‌മെന്റ്.
ഇടതുപക്ഷം അങ്ങനെയൊരു അനൗണ്‍സ്‌മെന്റ് നടത്തിയിട്ടില്ല. പ്രചാരണത്തിനുപയോഗിക്കുന്ന വാഹന നമ്പറുകള്‍ ഉള്‍പ്പെടെ തെളിവായി ഹാജരാക്കുമെന്നും പെന്‍ഡ്രൈവ് നല്‍കാനും തയ്യാറാണെന്നും ടി പി പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ക്ഷുഭിതനായാണ് ടി പി മറുപടി നല്‍കിയത്. മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് ടി പി രാമകൃഷ്ണന്‍.
