പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദം: മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍
കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റില്‍ മാതൃകാ പെരുമാറ്റചട്ട ലംഘനം നടന്നെന്ന് കണ്ടെത്താനായിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. ഫ്‌ലയിങ്‌സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ചട്ടംലംഘനം നടന്നിട്ടില്ലെന്നാണ് റിപോര്‍ട്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ് ലിയയുടെ പരാതിയില്‍ പരിശോധന നടത്തുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
സമുദായത്തിന്റെ വോട്ട് സ്വന്തം സമുദായത്തിലെ കുട്ടിക്ക് എന്ന രീതിയിലാണ് മുസ് ലിം ലീഗ് വോട്ട് ചോദിക്കുന്നതെന്നും ഇത് ചെറുത്തു തോല്‍പ്പിക്കണമെന്നുള്ള അനൗണ്‍സ്‌മെന്റ് വര്‍ഗീയ ചേരിതിരവുണ്ടാക്കാനുള്ള നീക്കമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ബാലനാരായണനാണ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
നേരെത്തെ അനൗണ്‍സ്മെന്റ് വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ടി പി രാമകൃഷ്ണന്റെ വിശദീകരണവും തേടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചട്ടലംഘനം കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് വ്യക്തമാക്കിയിരിക്കുന്നത്. വിവാദ അനൗണ്‍സ്‌മെന്റില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു നേതാവും പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതിലും തുടര്‍ നടപടികളുണ്ടായിട്ടില്ല.
അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ യുഡിഎഫ് പേരാമ്പ്ര പോലിസിലും പരാതി നല്‍കിയിരുന്നു. മേപ്പയ്യൂര്‍ പോലിസ് സ്റ്റേഷന്റെ പരിധിയിലാണ് ഇത് വരുന്നതെന്ന് കാട്ടി പരാതി മേപ്പയ്യൂരിലേക്ക് മാറ്റി. എങ്കിലും സംഭവത്തില്‍ ഇതുവരെ പോലിസ് കേസെടുത്തിട്ടില്ല. സമുദായ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള അനൗണ്‍സ്‌മെന്റാണ് നടന്നതെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.
