അങ്കണവാടിക്കാര്‍ക്ക് ഇനി ബിരിയാണി; മുട്ടയും പാലും മൂന്നുദിവസം

Update: 2025-06-03 11:33 GMT

തിരുവനന്തപുരം: അങ്കണവാടിയില്‍ പോവുന്നവര്‍ക്ക് ഇനി ബിരിയാണി കിട്ടും. കുട്ടികള്‍ക്കുള്ള മെനു പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മുട്ട ബിരിയാണിയും പുലാവും മെനുവില്‍ ഉള്‍പ്പെടുത്തി. പാലും മുട്ടയും ആഴ്ചയില്‍ മൂന്ന് ദിവസമായി വര്‍ധിപ്പിച്ചു. കുട്ടികളുടെ ആവശ്യവും കാലത്തിന്റെ മാറ്റവും പരിഗണിച്ചാണ് നടപടി. ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കുവെന്ന കുട്ടി വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് മന്ത്രി വീണാ ജോര്‍ജിന്റെ തീരുമാനം.

വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ അങ്കണവാടികളില്‍ പലതരം ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു. ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വൈറലായ വിഡിയോയ്ക്ക് പിന്നാലെ വീണ ജോര്‍ജ് പറഞ്ഞത്.

പുതിയ മെനു

തിങ്കളാഴ്ച പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, ഇലക്കറി, ഉപ്പേരി/തോരന്‍, പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം.

ചൊവ്വാഴ്ച പ്രാതലിന് ന്യൂട്രി ലഡു, ഉച്ചയ്ക്ക് മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണമായി റാഗി അട.

ബുധനാഴ്ച പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി, ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ട് കറി, സോയ െ്രെഡ െ്രെഫ, പൊതുഭക്ഷണം ഇഡ്ഢലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി.

വ്യാഴാഴ്ച രാവിലെ റാഗി, അരിഅട/ഇലയപ്പം, ഉച്ചയ്ക്ക് ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, മുട്ട, ഓംലറ്റ്, പൊതുഭക്ഷണമായി അവല്‍, ശര്‍ക്കര, പഴം മിക്‌സ്.

വെള്ളിയാഴ്ച പ്രാതലായി പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണമായി ഗോതമ്പ് നുറുക്ക് പുലാവ്.

ശനിയാഴ്ച രാവിലെ ന്യൂട്രി ലഡു, ഉച്ചയ്ക്ക് വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതു ഭക്ഷണമായി ധാന്യ പായസം എന്നിവ നല്‍കുന്നതാണ്.