കോട്ടയം: ശബരിമല ദര്‍ശനത്തിനിടയില്‍ പരിക്കേറ്റ് ചികില്‍സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എ ആര്‍ അനീഷ് (38) ഇനി എട്ടുപേരിലൂടെ ജീവിക്കും. അനീഷിന്റെ ഹൃദയം ഉള്‍പ്പെടെ ഒമ്പത് അവയവങ്ങള്‍ ദാനം ചെയ്തതോടെ, നിരവധി രോഗികള്‍ക്ക് പുതുജീവന്‍ ലഭിച്ചു.
ഒക്ടോബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവെ പമ്പയില്‍ വച്ച് തലയിടിച്ച് വീണാണ് അനീഷിന് ഗുരുതരമായ പരിക്ക് പറ്റിയത്. പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും, ഒക്ടോബര്‍ 22ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കുടുംബം അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടികള്‍ ഏകോപിതമായി നടപ്പിലാക്കിയത്.
അനീഷിന്റെ ഹൃദയം, ശ്വാസകോശം, രണ്ടുവൃക്ക, കരള്‍, പാന്‍ക്രിയാസ്, കൈ, രണ്ടുനേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം, ശ്വാസകോശം, ഒരു വൃക്ക, രണ്ടുനേത്രപടലം എന്നിവ കോട്ടയം മെഡിക്കല്‍ കോളജിലേക്കും ഒരു വൃക്ക, പാന്‍ക്രിയാസ്, കൈ എന്നിവ കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കുമാണ് ശസ്ത്രക്രിയക്ക് മാറ്റിയത്.