യുദ്ധത്തിന്റെ 18ാം ദിവസം ഇസ്രായേലി മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തകരുമെന്ന് റിപോര്‍ട്ട്

വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ യുദ്ധത്തിന്റെ പതിനെട്ടാം ദിവസം ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകരുമെന്ന് ഓപ്പണ്‍ സോഴ്‌സ് ഇന്റലിജന്‍സ് വിലയിരുത്തല്‍. ഓരോ ദിവസവും ഇറാന്‍ 50-70 ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചാല്‍ 18ാം ദിവസം മുതല്‍ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്നു തുടങ്ങും.
ഇസ്രായേലിന്റെയും സഖ്യകക്ഷികളുടെയും കൈവശം 950 മുതല്‍ 1,120 വരെ വ്യോമപ്രതിരോധ സംവിധാനങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ആരോ-2, ആരോ-3, ഡേവിഡ്‌സ് സ്ലിങ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തുന്നു. കൂടാതെ അന്‍ നഖാബില്‍ യുഎസ് വിന്യസിച്ച താഡ് സംവിധാനവും രണ്ട് യുഎസ് കപ്പലുകളിലെ എസ്എം-3, എസ്എം-6 ഇ പ്രതിരോധ സംവിധാനങ്ങളും ഇതിലുണ്ട്.
ദിവസം 50-70 മിസൈലുകള്‍ ഇറാന്‍ അയക്കുകയാണെങ്കില്‍ അവയെ നേരിടാന്‍ പ്രതിദിനം 72 മുതല്‍ 84 വരെ പ്രതിരോധ മിസൈലുകള്‍ ഉപയോഗിക്കേണ്ടി വരും. ഇറാന്‍ മിസൈലുകള്‍ അയക്കുന്നത് തുടരുകയാണെങ്കില്‍ 10-15 ദിവസങ്ങളില്‍ സമ്മര്‍ദ്ദം രൂപപ്പെടും. പതിനെട്ടാം ദിവസം പ്രതിരോധ സംവിധാനത്തില്‍ വിള്ളല്‍ രൂപപ്പെടും.
ഇപ്പോള്‍ തന്നെ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനത്തെ മറികടന്ന് ഇറാനിയന്‍ മിസൈലുകള്‍ ഹൈഫയിലും തെല്‍അവീവിലും ലക്ഷ്യങ്ങളെ തകര്‍ത്തിട്ടുണ്ട്. ഇസ്രായേലിന്റെ ആരോ സംവിധാനത്തിന് വേണ്ട പുതിയ മിസൈലുകള്‍ ലഭിക്കാന്‍ രണ്ടോ നാലോ ആഴ്ച്ച വേണ്ടി വരും. യുഎസിന്റെ സംവിധാനങ്ങളിലേക്ക് യുഎസില്‍ നിന്നും മിസൈലുകള്‍ കൊണ്ടുവരണം. യുഎസ് പടക്കപ്പലുകളില്‍ മിസൈലുകള്‍ കടലില്‍ വച്ച് ലോഡ് ചെയ്യാനാവില്ല. യുദ്ധം തുടരുകയാണെങ്കില്‍ പത്താം ദിവസം മുതല്‍ ഇസ്രായേലിന് ഇറാന്റെ മിസൈലുകളെ തടയാനുള്ള ശേഷി ഇല്ലാതായി തുടങ്ങുമെന്ന് റിപോര്‍ട്ട് പറയുന്നു.