മനോരമ ലേഖകന്‍ ആനാട് ശശിയുടെ ആത്മഹത്യ: സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവെച്ചു
തിരുവനന്തപുരം: മനോരമ ലേഖകന്‍ ആനാട് ശശി ആത്മഹത്യ ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് ഭരണത്തിലുള്ള വെള്ളനാട് മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് എന്‍ ഗംഗാധരന്‍ നായര്‍ രാജിവച്ചു. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. വൈസ് പ്രസിഡന്റ് കെ മോഹന്‍കുമാറിനാണ് താല്‍ക്കാലിക ചുമതല.
നേരത്തെ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2024 സെപ്തംബറിലാണ് സംഘത്തില്‍ 24 കോടിയുടെ അഴിമതി കണ്ടെത്തിയത്. അതിന് പിന്നാലെ പ്രസിഡന്റായിരുന്ന എം മോഹനകുമാരന്‍ നായര്‍ ജീവനൊടുക്കി. ഈ സംഭവത്തിന് ശേഷമാണ് നിക്ഷേപകനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആനാട് ശശി ആത്മഹത്യ ചെയ്തത്. 1.68 കോടി രൂപയാണ് അദ്ദേഹത്തിന് ബാങ്കില്‍ നിക്ഷേപമായുണ്ടായിരുന്നത്. വസ്തു വിറ്റ് കിട്ടിയ പണം മകളുടെ പഠനാവശ്യങ്ങള്‍ക്കുവേണ്ടിയാണ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. ഈ തുക തിരികെ ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ ആനാട് ശശി ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം.