നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; സുമയ്യ മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാകും

നെഞ്ചില്‍ നിന്ന് വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍

Update: 2025-10-03 03:16 GMT

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിക്കെതിരേ പരാതിനല്‍കിയ സുമയ്യ ഇന്ന് മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാകും. കാട്ടാക്കട സ്വദേശിനിയായ സുമയ്യയുടെ നെഞ്ചില്‍ നിന്ന് വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍ നെഞ്ചില്‍ കുടുങ്ങിയ വയര്‍ മാറ്റുന്നത് സങ്കീര്‍ണമാകും എന്നാണ് നിഗമനം.

വയര്‍ കുടുങ്ങി കിടക്കുന്നതുകൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ സുമയ്യയെ ബോധ്യപ്പെടുത്താനാണ് മെഡിക്കല്‍ ബോര്‍ഡ് ഇന്ന് ചേരുന്നത്. അതേസമയം, ശ്വാസംമുട്ടലടക്കം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി സുമയ്യ മെഡിക്കല്‍ ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്. സുമയ്യയുടെ ആരോഗ്യാവസ്ഥ മെഡിക്കല്‍ ബോര്‍ഡ് ഒരിക്കല്‍ കൂടി പരിശോധിക്കുകയും തുടര്‍ചികില്‍സയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യും.

2023 മാര്‍ച്ച് 22ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോ.രാജീവ് കുമാറിന്റെ യൂനിറ്റില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. ഡോക്ടര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്ന് സുമയ്യ സമരവുമായി മുന്നോട്ടുവരികയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് ഈ കാര്യം കാര്യമായി പരിശോധിക്കാന്‍ തയ്യാറായത്.

Tags: