യുവതിയുടെ നെഞ്ചില്‍ ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Update: 2025-09-17 07:51 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ യുവതിയുടെ നെഞ്ചില്‍ ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സമമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ച വിഷയത്തിന് മറുപടി പറയുകയായിരുന്നു അവര്‍. വിഷയത്തില്‍ വിദഗ്ദ്ധ സമിതിയുടെ അന്തിമ റിപോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

വാര്‍ത്ത പുറത്തുവന്നപ്പോള്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് നിഷേധിക്കാനുള്ള ശ്രമമാണുണ്ടായത്. ഗൈഡ് വയര്‍ ശരീരത്തില്‍ കിടക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ല എന്ന തരത്തില്‍ വിചിത്രമായ വിശദീകരണങ്ങള്‍ പോലും നല്‍കി. എന്നാല്‍ പിന്നീട്, വീഴ്ച സംഭവിച്ചതായി ഡോ. രാജീവ്കുമാര്‍ തന്നെ സമ്മതിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

2023 മാര്‍ച്ച് 22 നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുമയ്യ എന്ന യുവതി തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ.രാജിവ് കുമാറാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോള്‍ രക്തവും മരുന്നുകളും നല്‍കാനായി സെന്‍ട്രല്‍ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചില്‍ കുടുങ്ങി കിടക്കുന്നത്. തുടര്‍ന്ന് ശ്രീ ചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടി. പിന്നീടാണ് എക്‌സ്‌റേ പരിശോധനയില്‍ ട്യൂബ് ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തിയത്. ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചത്. ഗുരുത പിഴവ് ഉണ്ടായതില്‍ നീതി വേണമെന്നും വിദഗ്ധ ചികിത്സ നല്‍കണമെന്നുമായിരുന്നു സുമയ്യയുടെ ആവശ്യം.

Tags: