മംഗളൂരു: വയോധികനെ തെരുവുനായ കടിച്ചുകൊന്നു. റോഡരികില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണം. നവംബര്‍ 14 വെള്ളിയാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ കുമ്പളയിലാണ് സംഭവം. കുമ്പള സ്വദേശിയായ ദയാനന്ദ ഗാട്ടി(60)യാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് തിരിച്ചറിഞ്ഞു. നവംബര്‍ 14ന് പുലര്‍ച്ചെയാണ് ശരീരത്തില്‍ രക്തം പുരണ്ട നിലയില്‍ ഇയാളെ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നു മണിയോടെ പ്രദേശത്ത് കൂടി ഇയാള്‍ നടക്കുന്നത് ചിലര്‍ കണ്ടതായി പോലിസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡി പറഞ്ഞു.
കുമ്പളയിലെ ഒരു വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ദയാനന്ദ ഗാട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു, അദ്ദേഹത്തിന്റെ അറ്റുപോയ ഒരു കണ്ണ് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹത്തില്‍ ഒന്നിലധികം പരിക്കുകളുണ്ടായിരുന്നു. മൃതദേഹത്തിനു സമീപം ഒരു നായയെ ആളുകള്‍ കണ്ടിരുന്നു. ശരീരത്തിലെ ചില പരിക്കുകള്‍ ഒരു മൃഗത്തിന്റെ ആക്രമണത്തിന്റെ സൂചനയാണെന്ന് പോലിസ് പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച ഫോറന്‍സിക് ഡോക്ടര്‍ മരണം ഒരു മൃഗത്തിന്റെ ആക്രമണത്തില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചതായി പോലിസ് പറഞ്ഞു. വായില്‍ രക്തവുമായി ഒരു നായ സഞ്ചരിക്കുന്നത് ആളുകള്‍ കണ്ടിട്ടുണ്ടെന്നും, പിന്നീട് ആ നായയെ പിടികൂടിയതായും പോലിസ് ചൂണ്ടിക്കാട്ടി. അതിന്റെ ശരീരമാകെ രക്തക്കറകളുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് ഉള്ളാള്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.