മദ്യലഹരിയില്‍ സീരിയല്‍ താരം ഓടിച്ച വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവം; മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി
കോട്ടയം: മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലിസ് ആരംഭിച്ചു. സംഭവത്തില്‍ കോട്ടയം ചിങ്ങവനം പോലിസാണ് കേസെടുത്തത്. കുറ്റം തെളിഞ്ഞാല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്നലെയായിരുന്നു ലോട്ടറി വില്‍പ്പക്കാരനായിരുന്ന തങ്കരാജ് മരിച്ചത്. ഡിസംബര്‍ 24ന് രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിനു സമീപമായിരുന്നു സംഭവമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചിങ്ങവനം പോലിസ് സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അപകടത്തിനു പിന്നാലെ ചോദ്യംചെയ്ത നാട്ടുകാരെയും തടയാനെത്തിയ പോലിസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. അതേസമയം, മരിച്ച തമിഴ്‌നാട് സ്വദേശി തങ്കരാജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ലോട്ടറി തൊഴിലാളിയായ തങ്കരാജ്(60)ഇന്നലെ വൈകീട്ടാണ് മരിച്ചത്. ക്രിസ്മസിന്റെ തലേദിവസമുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.