മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കുനേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിനെ ചെരിപ്പുകൊണ്ട് അടിക്കാന്‍ ശ്രമം

Update: 2025-12-10 05:22 GMT

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്കെതിരെ മോശം പരാമര്‍ശം നടത്തിയ അഭിഭാഷകന്‍ രാകേഷ് കിഷോറിനെ ചെരിപ്പുകൊണ്ട് അടിക്കാന്‍ ശ്രമം. ഡല്‍ഹിയിലെ കര്‍ക്കാര്‍ഡൂമ കോടതി സമുച്ചയത്തില്‍ വെച്ചാണ് അജ്ഞാതര്‍ രാകേഷ് കിഷോറിനെ ആക്രമിച്ചത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

സാമാന്യം വലിയ തിരക്കുള്ള കോടതി സമുച്ചയത്തില്‍ വച്ച് സംഭവം എങ്ങനെ നടന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍, ആ സമയത്ത് ഏതെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് വിവരം. ആക്രമണത്തിന്റെ ഉദ്ദേശ്യവും വ്യക്തമല്ല. ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഒക്ടോബര്‍ ആറിനാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കുനേരെ രാകേഷ് കിഷോര്‍ ഷൂ എറിയാന്‍ ശ്രമം നടത്തിയത്. കേസുകള്‍ നടക്കുന്നതിനിടയിലാണ് സംഭവം. ഖജുരാഹോയില്‍ ഏഴടി ഉയരമുളള വിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഗവായ് നടത്തിയ പരാമര്‍ശങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് വിവരം. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് സനാതന ധര്‍മ്മത്തിനെതിരാണെന്നു പറഞ്ഞായിരുന്നു ഇയാള്‍ അതിക്രമം നടത്തിയത്.

Tags: