സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; വയനാട് സ്വദേശിയായ 30-കാരനാണ് രോഗം സ്ഥിരീകരിച്ചത്
ചികില്‍സയിലുള്ളത് മൂന്ന് ജില്ലകളില്‍ നിന്നുള്ള എട്ടുപേര്‍
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള 30-കാരനായ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ ആറുമാസമായി ചെന്നൈയിലായിരുന്നു യുവാവ് താമസിച്ചിരുന്നത്. അവിടെ വെച്ച് രോഗബാധിതനായാണ് നാട്ടിലേക്ക് വന്നത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ വീതവും വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുമാണ് ചികില്‍സയില്‍ കഴിയുന്നത്.
താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുള്ള അനയയുടെ സഹോദരനും ദിവസങ്ങള്‍ക്ക് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. അനയ കുളിച്ച അതേ കുളത്തില്‍ സഹോദരനും കുളിച്ചുവെന്നാണ് വിവരം. നിലവില്‍ ഏഴ് വയസുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മലപ്പുറം പുല്ലിപ്പറമ്പ സ്വദേശിയായ 49-കാരന്‍, മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നുകാരി, കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ 38-കാരന്‍, മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47-കാരന്‍, വയനാട് ബത്തേരി സ്വദേശിയായ 45-കാരന്‍ എന്നിവരും നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണുള്ളത്.
രോഗത്തിന്റെ ഉറവിടം കൃത്യമായി മനസിലാക്കാന്‍ സാധിക്കാത്തതില്‍ ആരോഗ്യ വകുപ്പിന് ആശങ്ക ഉയര്‍ത്തുന്നുണ്ട്. കെട്ടിക്കിടക്കുന്ന കുളത്തിലോ പുഴയിലോ കുളിച്ചാലാണ് രോഗം വരാനുള്ള സാധ്യതയുള്ളത്. എന്നാല്‍ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിണറിലെ വെള്ളത്തില്‍ മാത്രമാണ് കുളിപ്പിച്ചതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ചികില്‍സയിലുള്ള ചിലര്‍ കുളത്തിലോ പുഴയിലോ കുളിച്ചിട്ടുമില്ല. അതിനാല്‍ ഉറവിടത്തിന്റെ കാര്യത്തില്‍ കൃത്യമായ ഒരു ഉത്തരം പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
