തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് സഭയില്‍ അനുമതി നല്‍കി. ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച. അമീബിക് മസ്തിഷ്‌കജ്വരം ഭീതി പടര്‍ത്തികൊണ്ട് പടര്‍ന്നുപിടിക്കുകയാണ്. കുഞ്ഞുങ്ങള്‍ മുതല്‍ വലിയവര്‍ വരെ രോഗത്തിന് ഇരയാകോണ്ടിവന്നു. നിരവധിയാളുകള്‍ മരിച്ചു. ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടെന്നും ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. പൊതുജനങ്ങളുടെ സംശയം തീര്‍ക്കാനാണ് ചര്‍ച്ചയെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു.
രോഗവ്യാപനത്തെക്കുറിച്ച് അന്വേഷിക്കാനായി സര്‍ക്കാര്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയമിച്ചിരുന്നു. എന്നാല്‍, ഇതിന്റെ റിപോര്‍ട്ട് വന്നിട്ടില്ല. ആരോഗ്യമേഖലയില്‍ പ്രശ്നങ്ങള്‍ അടിക്കടി ഉണ്ടാവുകയാണ്. പ്രതിപക്ഷം ഇതെല്ലാം ഇന്ന് സഭയില്‍ അവതരിപ്പിക്കും
ലോകരാജ്യങ്ങളില്‍ അപൂര്‍വമായി മാത്രം റിപോര്‍ട്ട് ചെയ്യപ്പെടുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. കേരളത്തിലിത് പ്രതിദിനമെന്ന രീതിയില്‍ പടര്‍ന്നുപിടിക്കുന്നു.രോഗകാരണം ഇതുവരെ കണ്ടെത്താനായില്ല. ആദ്യം ആരോഗ്യവകുപ്പ് ശരിയായ കണക്കുകള്‍ പുറത്തുവിട്ടിരുന്നില്ല. പിന്നീടാണ് രോഗികളുടെ എണ്ണം, മരണം എന്നിങ്ങനെയുള്ള ശരിയായ കണക്കുകള്‍ പുറത്തുവിട്ടത്.സഭാ നടപടികള്‍ നിര്‍ത്തിവച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
