കൊച്ചി: ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും സുപ്രിംകോടതി മുന്‍ ജഡ്ജിയുമായ ബി സുദര്‍ശന്‍ റെഡ്ഡിക്കെതിരേ ഗുരുതര ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി നക്സലിസത്തെ പിന്തുണച്ചെന്ന് കൊച്ചിയില്‍ നടന്ന സ്വകാര്യ പരിപാടിയില്‍ അമിത് ഷാ പറഞ്ഞു. മാവോവാദികളെ നേരിടാനെന്ന പേരില്‍ സര്‍ക്കാര്‍ പിന്തുണയില്‍ രൂപീകരിച്ച സല്‍വാ ജുദം എന്ന സ്വകാര്യ സേനയെ 2011ല്‍ സുപ്രിംകോടതി ബെഞ്ച് പിരിച്ചുവിട്ടിരുന്നു. ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയും എസ് എസ് നിജ്ജാറും അടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിറക്കിയത്. ഈ വിധിയെ പരാമര്‍ശിച്ചാണ് അമിത് ഷായുടെ ആരോപണം.
ഇടതുപക്ഷ തീവ്രവാദത്തെയും നക്സലിസത്തെയും പിന്തുണച്ചുകൊണ്ട് സല്‍വാ ജുദം വിധി പുറപ്പെടുവിച്ച അതേ വ്യക്തിയാണ് പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ സുദര്‍ശന്‍ റെഡ്ഡിയെന്ന് അമിത് ഷാ പറഞ്ഞു. അന്നു അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ 2020ഓടെ തീവ്രവാദം തുടച്ചുനീക്കപ്പെടുമായിരുന്നുവെന്നും അമിത് ഷാ അവകാശപ്പെട്ടു.
ഇടതുപക്ഷത്തിന്റെ സമ്മര്‍ദംകാരണമാണ് കോണ്‍ഗ്രസ് സുദര്‍ശന്‍ റെഡ്ഡിയെ സ്ഥാനാര്‍ഥിയാക്കിയതെന്നും അമിത് ഷാ പറഞ്ഞു.എന്‍ഡിഎ സ്ഥാനാര്‍ഥിയായ സി പി രാധാകൃഷ്ണനും ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിയായ സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം.
