വിദേശസഹായങ്ങൾ വെട്ടികുറയ്ക്കാനുള്ള ട്രംപിൻ്റെ തീരുമാനം സ്തംഭിപ്പിച്ചത് ഡസൻ കണക്കിന് ജല, ശുചിത്വ പദ്ധതികൾ

Update: 2025-07-20 11:34 GMT

കെനിയ:വിദേശ സഹായങ്ങളെല്ലാം വെട്ടിക്കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് ജല, ശുചിത്വ പദ്ധതികളെ ബാധിച്ചതായി റിപോർട്ട്. പല പദ്ധതികളും പാതിവഴിയിൽ നിർത്തിവച്ചിരിക്കുകയാണെന്നാണ് റിപോർട്ടുകൾ.

16 രാജ്യങ്ങളിലായി പൂർത്തിയാകാത്ത 21 പദ്ധതികളാണുള്ളത് .ജനുവരി മുതൽ കോടിക്കണക്കിന് ഡോളറിന്റെ ധനസഹായം റദ്ദാക്കിയതോടെ, എല്ലാ ജല ശുചിത്വ പദ്ധതികളും നിർത്തി. സാമ്പത്തിക പ്രയാസങ്ങൾ മൂലം തൊഴിലാളികൾ അവരുടെ ജോലി നിർത്തി.

തൽഫലമായി, അമേരിക്കയിൽ നിന്ന് ശുദ്ധമായ കുടിവെള്ളവും വിശ്വസനീയമായ ശുചിത്വ സൗകര്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയ തിരിച്ചടിയായി.

മാലിയിലെ സ്കൂളുകളിലും ആരോഗ്യ ക്ലിനിക്കുകളിലും സേവനം നൽകാൻ ഉദ്ദേശിച്ചിരുന്ന ജല പദ്ധതികൾ നിലച്ചു.നേപ്പാളിൽ 100-ലധികം കുടിവെള്ള സംവിധാനങ്ങളുടെ നിർമാണമാണ് നിർത്തിവക്കേണ്ടി വന്നത്.

ലെബനനിൽ, ജലവിതരണ സംവിധാനങ്ങൾക്കുള്ള വിലകുറഞ്ഞ സൗരോർജ്ജം നൽകുന്ന പദ്ധതി റദ്ദാക്കി, ഇത് ഏകദേശം 70 പേരുടെ ജോലി നഷ്ടപ്പെടുത്തുകയും പ്രാദേശിക സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ നിർത്തി വയ്ക്കുന്നതിന് കാരണമാവുകയും ചെയ്തു.

ട്രംപ് ഭരണകൂടവും അവരുടെ പിന്തുണക്കാരും വാദിക്കുന്നത്, അമേരിക്ക തങ്ങളുടെ പണം വിദേശത്തേക്ക് അയയ്ക്കുന്നതിനുപകരം സ്വദേശത്തുള്ള അമേരിക്കക്കാർക്ക് പ്രയോജനപ്പെടുന്നതിനായി ചെലവഴിക്കണമെന്നാണ്. കൂടാതെ സെർബിയയിലെ എൽജിബിടി അവകാശങ്ങൾ പോലുള്ള പദ്ധതികൾക്ക് ധനസഹായം നൽകി യുഎസ്എഐഡി അതിന്റെ യഥാർഥ്യ ദൗത്യത്തിൽ നിന്ന് വ്യതിചലിച്ചുവെന്നും അവർ പറയുന്നു.

Tags: