'അമേരിക്ക ഒരു തെമ്മാടി രാഷ്ട്രമായി മാറിയിരിക്കുകയാണ്'; വെനസ്വേലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Update: 2026-01-04 14:27 GMT

തിരുവനന്തപുരം: വെനസ്വേലയിലെ യുഎസ് കടന്നുകയറ്റത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെനസ്വേലയില്‍ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണെന്നും രാജ്യത്തെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വെനസ്വേലയുടെ പ്രസിഡന്റിനെ ആ രാജ്യത്ത് കടന്ന് ആക്രമിച്ച് ബന്ധിയാക്കിയത് എന്ത് നീതിയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സിപിഎം കേരള ഘടകമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവിട്ടത്.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത് രാജ്യത്തിന്റെ ഭരണാധികാരിയേയും ഭാര്യയേയും ബന്ധിയാക്കി. എത്ര വലിയ തെമ്മാടിത്തമാണിത്, എത്ര വലിയ കാടത്തം ആണ് ഇത്? അമേരിക്കന്‍ അധിനിവേശത്തിനെതിരേ ലോകമാകെ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തെക്കന്‍ അര്‍ധഗോളത്തില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത്തരം ആക്രമണങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും സഹിച്ച നാടാണ് ലാറ്റിന്‍ അമേരിക്കയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ ലാറ്റിന്‍ അമേരിക്കയുടെ സമാധാനത്തിന് ഭീഷണിയാണ്. ആഗോള സമാധാനത്തെ തകര്‍ക്കുന്ന ഇത്തരം സാമ്രാജ്യത്വ നീക്കങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയരണമെന്നും വെനസ്വേലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.