അമേരിക്കയ്ക്ക് ഞങ്ങളുടെ ശേഷി അറിയില്ല; 'വിജയം സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവത്തില്‍ നിന്നുമാത്രമാണ്': ഐആര്‍ജിസി
തെഹ്‌റാന്‍: അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഇറാന്‍. ഏത് ഭീഷണിയെയും അതേ അളവില്‍ തന്നെ നേരിടുമെന്ന് ഇസ് ലാമിക് റെവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസി) പ്രസ്താവനയിറക്കി.
പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍
1. കള്ളനും ഭീകരവാദിയും കുട്ടികളെ കൊന്ന പ്രസിഡന്റുമായ അമേരിക്കന്‍ പ്രസിഡന്റാണ്, ഐആര്‍ജിസി മേഖലയില്‍ ഡീസലിനേഷന്‍ പ്ലാന്റുകളെ ലക്ഷ്യമാക്കി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ആരോപിക്കുന്നത്.
2. ആദ്യം, 180ലധികം വിദ്യാര്‍ഥികളെ ഉള്‍പ്പെടെയുള്ള കുരുന്നുകളെ കൊന്നുകൊണ്ട് ഈ യുദ്ധം ആരംഭിച്ചത് അമേരിക്കന്‍ സൈന്യമാണ്. ഇതുവരെ ക്വഷ്മ് ദ്വീപിലെ ഡീസലിനേഷന്‍ പ്ലാന്റ് ഉള്‍പ്പെടെ അഞ്ച് ജല അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളെ അവര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഐആര്‍ജിസി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല.
3. രണ്ടാമതായി, ഇറാന്റെ വൈദ്യുതി നിലയങ്ങളെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് ഈ ഭീകരവാദിയും കുട്ടികളെ കൊന്ന അമേരിക്കന്‍ പ്രസിഡന്റുമാണ്. വൈദ്യുതി അടിസ്ഥാനസൗകര്യങ്ങളെ ആക്രമിക്കുന്നത് ആശുപത്രികള്‍, അടിയന്തര സേവന കേന്ദ്രങ്ങള്‍, ജല വിതരണ ശൃംഖലകള്‍, ഡീസലിനേഷന്‍ പ്ലാന്റുകള്‍ തുടങ്ങിയ അനിവാര്യ സേവനങ്ങളെ തടസ്സപ്പെടുത്തും. ഇത് മനുഷ്യാവകാശവിരുദ്ധമാണ്.
ഞങ്ങള്‍ ചെയ്തത് എന്താണെന്നാല്‍, ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍, പ്രതികാരമായി ഇസ്രായേലിന്റെ വൈദ്യുതി നിലയങ്ങളെയും, അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്ന പ്രദേശങ്ങളിലെ രാജ്യങ്ങളുടെ വൈദ്യുതി നിലയങ്ങളെയും, അമേരിക്കക്കാര്‍ക്ക് പങ്കാളിത്തമുള്ള സാമ്പത്തിക, വ്യവസായ, ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമാക്കും. അത് ഞങ്ങള്‍ ചെയ്യും അതില്‍ ഒരു സംശയവും വേണ്ട.
4. നിങ്ങള്‍ ഞങ്ങളുടെ ആശുപത്രികളെ ആക്രമിച്ചു, ഞങ്ങള്‍ അതുപോലെ ചെയ്തിട്ടില്ല. നിങ്ങള്‍ ഞങ്ങളുടെ അടിയന്തര സേവന കേന്ദ്രങ്ങളെ ആക്രമിച്ചു, ഞങ്ങള്‍ അതുപോലെ ചെയ്തിട്ടില്ല. നിങ്ങള്‍ ഞങ്ങളുടെ സ്‌കൂളുകളെ ആക്രമിച്ചു, എന്നാല്‍ ഞങ്ങള്‍ അതുപോലെ ചെയ്തിട്ടില്ല. പക്ഷേ നിങ്ങള്‍ വൈദ്യുതിനിലയങ്ങളെ ആക്രമിച്ചാല്‍, ഞങ്ങള്‍ തിരിച്ച് വൈദ്യുത നിലയങ്ങളെ ലക്ഷ്യമാക്കും.
5.ഏത് ഭീഷണിയേയും തടയാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, അത് ഞങ്ങള്‍ ചെയ്യും. അമേരിക്കയ്ക്ക് ഞങ്ങളുടെ ശേഷി അറിയില്ല, യുദ്ധഭൂമിയില്‍ അത് അവര്‍ കാണും.''
''വിജയം സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവത്തില്‍ നിന്നുമാത്രമാണ്.'

