കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ കെ രാജാറാം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗം കൂടുതലായും ഉണ്ടാകുന്നത്. അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ആക്രമിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെടുന്നത്. കടുത്ത തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാനും വെളിച്ചത്തിലേക്ക് നോക്കാനും ബുദ്ധിമുട്ട് എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അമീബ ശരീരത്തിനുള്ളിലേക്ക് കടന്നാല്‍ 5മുതല്‍10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
രോഗം ബാധിച്ചാല്‍ മരണസാധ്യത കൂടുതലാണ് എന്നതിനാല്‍ തന്നെ രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. മൂക്കിനെയും തലച്ചോറിനെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ ആണ് രോഗവാഹകനായ അമീബ തലച്ചോറിലേക്ക് കടക്കുന്നത്. തലച്ചോറില്‍ എത്തുന്ന അമീബ വളരെ വേഗത്തില്‍ തലച്ചോറിലെ കോശങ്ങള്‍ തിന്നാന്‍ തുടങ്ങും ഇത് മരണത്തിലേക്ക് നയിക്കുന്നു. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.