അമീബിക് മസ്തിഷ്‌ക ജ്വരം; നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

Update: 2025-09-23 09:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. തടാകങ്ങള്‍, മലിനമായ കുളങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുങ്ങി കുളിക്കരുത്. നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ പോലുള്ളവയില്‍ ക്ലോറിനേഷന്‍ നടത്തണമെന്നും നിര്‍ദേശം.

ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ച് നടത്തിപ്പുകാര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കണം. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലസംഭരണികളില്‍ ക്ലോറിനേഷന്‍ നടത്താനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ജല സ്രോതസുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാ ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം.

ജലസ്രോതസുകളില്‍ ഖര മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍മാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം. പബ്ലിക് ഓഫീസര്‍മാര്‍ ആഴ്ചതോറും സംസ്ഥാന സര്‍വൈലന്‍സ് ഓഫീസര്‍ക്ക് റിപോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Tags: