'ആംബുലന്‍സുകള്‍ ടോള്‍ പ്ലാസകളില്‍ നിര്‍ത്തിയിടേണ്ടി വരുന്നത് മനുഷ്യാവകാശ ലംഘനം'; ആംബുലന്‍സ് ഓണേഴ്‌സ് & ഡ്രൈവേഴ്‌സ് അസോസിയേഷന്‍
കോഴിക്കോട്: അടിയന്തര ചികില്‍സയ്ക്കായി പോകുന്ന ആംബുലന്‍സുകളെ ടോള്‍ പ്ലാസകളില്‍ തടഞ്ഞുവെക്കുന്ന തരത്തിലുള്ള അധികൃതരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി ആംബുലന്‍സ് ഓണേഴ്‌സ് & ഡ്രൈവേഴ്‌സ് അസോസിയേഷന്‍. ആംബുലന്‍സുകളുടെ സുഗമമായ യാത്രയ്ക്ക് തടസം നില്‍ക്കുന്നത് ഒരു ജീവനെടുക്കുന്നതിന് തുല്യമാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി റംസി പാപ്പിനിശ്ശേരിയും കാസര്‍കോട് ജില്ലാ സെക്രട്ടറി ഹസന്‍ തൃക്കരിപ്പൂരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
മരണത്തോടു പോരാടുന്ന രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്ക് 'സീറോ വെയിറ്റിങ് ടൈം' ഉറപ്പാക്കണമെന്ന കര്‍ശനമായ നിയമം നിലനില്‍ക്കെ, ടോള്‍ ബൂത്തുകളില്‍ സെക്കന്റുകള്‍ പോലും വൈകിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണേണ്ടി വരും. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞോ ടോള്‍ നടപടിക്രമങ്ങള്‍ വൈകിപ്പിച്ചോ ആംബുലന്‍സുകള്‍ നിര്‍ത്തിയിടേണ്ടി വരുന്നത് രോഗിയുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയാണ്.
'ടോള്‍ പ്ലാസകളിലെ ജീവനക്കാര്‍ക്ക് ഈ വിഷയത്തില്‍ കൃത്യമായ ബോധവല്‍ക്കരണം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണം. സൈറണ്‍ മുഴക്കി വരുന്ന ആംബുലന്‍സുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടത് നിയമപരമായ ബാധ്യത മാത്രമല്ല, മറിച്ച് ഒരു മാനുഷിക കടമ കൂടിയാണ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാന്‍ സംഘടന നിര്‍ബന്ധിതമാകും,' എന്നും പ്രസ്താവനയിലൂടെ ഇരുവരും മുന്നറിയിപ്പ് നല്‍കി.