''വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തു'' ഒഴിവാക്കാനായി കൊലപ്പെടുത്തിയെന്ന് പ്രതി

Update: 2025-07-22 03:16 GMT

കൊച്ചി: ആലുവയിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിനിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതിനാല്‍ ഒഴിവാക്കാനായി കൊലപ്പെടുത്തി എന്നാണ് പ്രതിയായ നേര്യമംഗലം സ്വദേശി ബിനു പോലിസിനോട് പറഞ്ഞത്. വിവാഹം കഴിക്കണമെന്ന് .യുവതി നിരന്തരമായി നിര്‍ബന്ധിച്ചിരുന്നുവെന്നും നാട്ടിലും വീട്ടിലും പറഞ്ഞുടന്നുവെന്നും ഇയാള്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് കൊല്ലം കുണ്ടറ വെളിച്ചിക്കാല ചാരുവിള പുത്തന്‍വീട്ടില്‍ അഖില (35) ആലുവയിലെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടത്. ആലുവ പമ്പ് ജംക്ഷനു സമീപമുള്ള തോട്ടുങ്ങല്‍ ലോഡ്ജില്‍ 201ാം നമ്പര്‍ മുറിയിലായിരുന്നു സംഭവം. ഒന്നരവര്‍ഷം മുമ്പാണ് സമീപത്തുള്ള ഒരു ഹോസ്റ്റലില്‍ വാര്‍ഡന്‍ ആയി ജോലി നോക്കിയിരുന്ന അഖിലയെ പരിചയപ്പെടുകയും പിന്നീട് അവര്‍ സൗഹൃദത്തിലാവുകയുമായിരുന്നു. ഇടയ്ക്കിടെ ഇവര്‍ ഈ ലോഡ്ജില്‍ മുറിയെടുത്ത് ദിവസങ്ങളോളം താമസിച്ചിരുന്നു. സംഭവ ദിവസം അഖിലയാണ് മുറി ബുക്ക് ചെയ്തതും ഇതിന്റെ പണം നല്‍കിയതും എന്നാണ് വിവരം. ബിനു വൈകിട്ട് ആറരയോടെ മുറിയിലെത്തി. വൈകിട്ട് എട്ടുമണിയോടെയാണ് അഖില എത്തിയത്. ബിനു വൈകാതെ മദ്യപാനം ആരംഭിച്ചു. ഇതിനിടെയാണ് വിവാഹക്കാര്യം ഉയര്‍ന്നു വന്നതും ഇരുവരും തമ്മില്‍ അടിപിടിയാവുകയും ചെയ്തത്. തുടര്‍ന്ന് ബിനു അഖിലയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനു ശേഷം ബിനു തന്റെ സുഹൃത്തിനെ വിഡിയോ കോളില്‍ വിളിച്ച് അഖിലയെ കൊലപ്പെടുത്തിയ കാര്യം പറയുകയും മൃതദേഹം കാട്ടിക്കൊടുക്കുകയും ചെയ്തു. നിലത്തായിരുന്നു അഖില കിടന്നിരുന്നത്. സുഹൃത്ത് ഉടന്‍ ആലുവ പോലിസിനെ വിളിച്ച് വിവരം പറഞ്ഞതോടെ പോലിസ് സ്ഥലത്തെത്തുകയായിരുന്നു.