കൊല്ലം: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അലുവ അതുല്‍ എന്ന അതുലിനെ(30) നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ പിടിയില്‍. ആക്രമണത്തില്‍ പങ്കെടുത്ത രണ്ടു പേരെയും അവര്‍ക്ക് സഹായം ചെയ്ത രണ്ട് കൂട്ടാളികളേയുമാണ് പിടികൂടിയതെന്ന് കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച വാഹനവും പോലിസ് പിടിച്ചെടുത്തതായി സിറ്റി പോലിസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ 11.15ന് ദേശീയപാതയില്‍ പുതിയകാവില്‍ പുതുതായി തുടങ്ങിയ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത്. ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷ് വധകേസില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം കാറില്‍ പിന്‍തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്.
അലുവ അതുലും കൂട്ടുപത്രിയായ കുക്കു എന്ന മനുവും സഞ്ചരിച്ച കാറിനെ ഗുണ്ടാ സംഘം മറ്റൊരു കാറില്‍ പിന്തുടര്‍ന്നു. ദേശീയപാത ഓച്ചിറ ഭാഗത്തേക്ക് കാറില്‍ പോകുകയായിരുന്ന അതുലിനെ ഹരിയാന രജിസ്ട്രേഷന്‍ കാറില്‍ പിന്തുടര്‍ന്ന് ഇടിച്ചു. തുടര്‍ന്ന് അതുലിന്റെ കാര്‍ നിയന്ത്രണം വിട്ട് നിര്‍മ്മാണം നടക്കുന്ന റോഡില്‍ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി. നാലംഗ സംഘം ആയുധങ്ങളുമായി ചാടിയിറങ്ങി അതുലിനെയും മനുവിനെയും ആക്രമിച്ചു. ആയുധങ്ങള്‍ ഉപയോഗിച്ച് കാറിന്റെ ഗ്ലാസുകളും മറ്റും വെട്ടിത്തകര്‍ത്ത ശേഷം കാറിനുള്ളില്‍നിന്ന് അതുലിനെ പുറത്തേക്ക് വലിച്ചിറക്കിയാണ് നാലംസംഘം വെട്ടിക്കൊന്നത്. തുടര്‍ന്ന് അക്രമിസംഘം കാറില്‍ രക്ഷപ്പെട്ടു. അതുലിനൊപ്പം ഉണ്ടായിരുന്ന മനു ഓടി രക്ഷപ്പെട്ടു. കൈയ്ക്ക് വെട്ടേറ്റ മനു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കഴിഞ്ഞ വര്‍ഷം കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷിനെ വീട്ടില്‍ കയറി അമ്മയുടെ മുന്നില്‍വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അതുല്‍. കടത്തൂര്‍ സംഘത്തില്‍പ്പെട്ടവരെയാണ് അതുലും കൂട്ടാളികളും ആക്രമിച്ചത്. ഇതിന്റെ വൈരാഗ്യമാണ് അലുവ അതുലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. കരുനാഗപ്പള്ളിയിലെ കടത്തൂര്‍ ഗുണ്ടാ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലിസ് പറയുന്നു. അതുലിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.
