തിരുവനന്തപുരം: വെളിച്ചെണ്ണ ഉല്‍പ്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും മിന്നല്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഏഴ് ജില്ലകളില്‍ നിന്നായി ആകെ 4,513 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. ഒന്നര ആഴ്ച മുമ്പ് നടത്തിയ പരിശോധനകളില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിരുന്നു.
വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. പത്തനംതിട്ട 300 ലിറ്റര്‍, ഇടുക്കി 107 ലിറ്റര്‍, തൃശൂര്‍ 630 ലിറ്റര്‍, പാലക്കാട് 988 ലിറ്റര്‍, മലപ്പുറം 1,943 ലിറ്റര്‍, കാസര്‍കോട് 545 ലിറ്റര്‍ എന്നിങ്ങനെയാണ് സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തത്. മലപ്പുറം ചെറുമുക്കിലെ റൈസ് ആന്‍ഡ് ഓയില്‍ മില്ലില്‍ നിന്നും സമീപത്തുള്ള ഗോഡൗണില്‍ നിന്നുമായി 735 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടിച്ചെടുത്തു. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.