കണ്ണൂര്‍: സിപിഎമ്മില്‍ ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പുറത്താക്കുമെന്ന് സൂചന. സിപിഎം സംസ്ഥാന കമ്മിറ്റി നടക്കുന്നതിനാല്‍ തിരുവനന്തപുരത്തുനിന്നാകും ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനം വരികയെന്നാണ് റിപോര്‍ട്ടുകള്‍.
ധനാപഹരണം നടന്നുവന്ന് സമ്മതിച്ചാല്‍ നേതൃത്വം ആകെ വെട്ടിലാകും. കണക്ക് അവതരിപ്പിക്കാന്‍ വൈകിയ പ്രശ്നമേ ഉണ്ടായിട്ടുള്ളൂ എന്നും അതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട് എന്നുമാണ് വിഷയത്തില്‍ സിപിഎം വിശദീകരണം.
വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് സിപിഎം ജില്ലാകമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞത്. പണാപഹരണം ആരും നടത്തിയിട്ടില്ലെന്നും വരവ് ചെലവ് കണക്ക് പാര്‍ട്ടി കമ്മറ്റിയില്‍ അവതരിപ്പിക്കാന്‍ വൈകി എന്നത് മാത്രമാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം ഉയര്‍ന്നത്.