ഭൂമി തട്ടിപ്പ് ആരോപണം; മാധ്യമപ്രവര്‍ത്തകരെ ആംഗ്യം കാണിച്ച് അധിക്ഷേപിച്ച് രാജീവ് ചന്ദ്രശേഖര്‍

Update: 2025-10-27 06:29 GMT

തിരുവനന്തപുരം: കോടികളുടെ തട്ടിപ്പില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ പ്രതികരിക്കാതെ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടക ഭൂമി തട്ടിപ്പ് എന്നത് ശ്രദ്ധ തിരിക്കാനുള്ള അടവാണെന്നായിരുന്നു ചന്ദ്രശേഖറിന്റെ വാദം. വിഷയത്തില്‍ റിപോര്‍ട്ടര്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തകനോട് കയര്‍ക്കുകയും റിപോര്‍ട്ടറിന് മറുപടിയില്ല എന്ന് ആവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് പെട്ടെന്നു തന്നെ വാര്‍ത്ത സമ്മേളനം അവസാനിപ്പിക്കുകയുമായിരുന്നു. വാര്‍ത്ത സമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ രാജീവ് ചന്ദ്രശേഖര്‍ മാധ്യമപ്രവര്‍ത്തകരെ ആംഗ്യം കാണിച്ച് അധിക്ഷേപിക്കുകയും ചെയ്തു.

കോടികളുടെ സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റെന്നാണ് രാജീവ് ചന്ദ്രശേഖറിനെതിരേയുള്ള പരാതി. അഭിഭാഷകന്‍ കെ എന്‍ ജഗദീഷ് കുമാറാണ് സുപ്രിംകോടതിയിലും കര്‍ണാടക ഹൈക്കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്.

പരാതി പ്രകാരം കര്‍ണാടക സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്ത ഭൂമിയാണ് രാജീവ് ചന്ദ്രശേഖര്‍ മറിച്ചുവിറ്റത്. രാജീവിന്റെ കമ്പനിയാണ് മറിച്ചുവിറ്റത്. ഭൂമി അനുവദിച്ചത് ബിപിഎല്ലിന് ഫാക്ടറി നിര്‍മിക്കാനായിരുന്നു. എന്നാല്‍ ഒന്നും തുടങ്ങാതെ ഭൂമി മറിച്ച് വില്‍ക്കുകയായിരുന്നു എന്നാണ് പരാതി.

Tags: