സംഭലില്‍ നമസ്‌കാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ യുപി സര്‍ക്കാരിന്റെ നടപടി തടഞ്ഞ് അലഹബാദ് ഹൈക്കോടതി
ലഖ്‌നോ: പള്ളിയില്‍ ആരാധനയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. നിയമവാഴ്ച നടപ്പിലാക്കാന്‍ കഴിവില്ലെങ്കില്‍ സംഭല്‍ എസ്പിയും ജില്ലാ മജിസ്‌ട്രേറ്റും സ്ഥാനങ്ങള്‍ രാജിവയ്ക്കുകയോ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റുകയോ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സംസ്ഥാനത്തിനുവേണ്ടി വാദിച്ച അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, എല്ലാ സാഹചര്യങ്ങളിലും നിയമവാഴ്ച നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പൊതുസ്ഥലത്ത് മതപരമായ ചടങ്ങുകള്‍ നടത്തുമ്പോഴോ അല്ലെങ്കില്‍ അവ പൊതു സ്വത്തിലേക്ക് എത്തുമ്പോഴോ മാത്രമേ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമുള്ളൂ എന്ന് കോടതി വ്യക്തമാക്കി.
ഓരോ സമുദായത്തിനും അവരവരുടെ ആരാധനാലയങ്ങളില്‍ സമാധാനപരമായി ആരാധന നടത്താന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും അത് ഒരു സ്വകാര്യ സ്വത്താണെങ്കില്‍, സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ആരാധന നടത്താമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ബെഞ്ച് കേസ് മാര്‍ച്ച് 16-ലേക്ക് മാറ്റി.