ദിയോറിയയിലെ ഷഹീദ് അബ്ദുള്‍ ഘാനി ഷാ മസാര്‍ പൊളിക്കുന്നത് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു
ദിയോറിയ: ഉത്തര്‍പ്രദേശിലെ ദിയോറിയ നഗരത്തിലെ ചരിത്രപ്രസിദ്ധമായ മസാറിനെ(സ്മൃതി കുടീരം)തിരേ എസ്ഡിഎം കോടതി പുറപ്പെടുവിച്ച പൊളിക്കല്‍ ഉത്തരവ് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. മസാറിന്റെ നിലവിലുള്ള അവസ്ഥ നിലനിര്‍ത്തണമെന്നാണ് ആവശ്യം.
നഗരത്തിലെ ഒരു റെയില്‍വേ മേല്‍പ്പാലത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഷഹീദ് അബ്ദുള്‍ ഘാനി ഷാ മസാറുമായി ബന്ധപ്പെട്ടതാണ് കേസ്. എസ്ഡിഎം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ജനുവരി 11 ഞായറാഴ്ച മൂന്ന് ബുള്‍ഡോസറുകളുമായി പ്രാദേശിക ഭരണകൂടം സ്ഥലത്തെത്തി മസാറിന്റെ അതിര്‍ത്തി മതില്‍ പൊളിച്ചുമാറ്റുകയായിരുന്നു.
സ്ഥലം കയ്യേറിയാണ് മസാര്‍ നര്‍മ്മിച്ചതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ വര്‍ഷങ്ങളായി ഇവിടെ ആരാധനകള്‍ നിലനില്‍ക്കുന്നുണ്ടെന്നും കയ്യേറ്റമെന്ന ആരോപണം വ്യാജമാണെന്നും മസാര്‍ കമ്മിറ്റി പറഞ്ഞു.
2025 നവംബര്‍ 19 ലെ എസ്ഡിഎം കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മസാര്‍ കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് പ്രകാശ് പാഡിയയുടെ സിംഗിള്‍ ബെഞ്ച് കേസ് പരിഗണിക്കുകയും പൊളിക്കല്‍ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു. മസാറും ശ്മശാനവും ഉള്‍പ്പെടെ തര്‍ക്ക സ്ഥലത്ത് തല്‍സ്ഥിതി നിലനിര്‍ത്താനും കോടതി നിര്‍ദേശിച്ചു.
